മന്‍പ്രീതിന് ദേശീയ റെക്കോര്‍ഡ്; ജെയ്ഷക്ക് മീറ്റ് റെക്കോര്‍ഡ്

Wednesday 16 September 2015 11:01 pm IST

കൊല്‍ക്കത്ത: അന്‍പത്തിയഞ്ചാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം  റെയില്‍വേസിന്റെ മലയാളി താരം ഒ.പി. ജെയ്ഷക്ക് റെക്കോര്‍ഡ് സ്വര്‍ണ്ണം. റെയില്‍വേസിന്റെ മന്‍പ്രീത് കൗറിന് പുതിയ ദേശീയ റെക്കോര്‍ഡ്. വനിതകളുടെ ഷോട്ട്പുട്ടിലാണ് മന്‍ദീപ് കൗര്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണ്ണം നേടിയത്. 17.96 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ മന്‍ദീപ്കൗര്‍ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. 1997-ല്‍ ഹര്‍ഭാന്‍സ് കൗര്‍ സ്ഥാപിച്ച 17.43 മീറ്ററിന്റെ റെക്കോര്‍ഡാണ് മന്‍ദീപ് കൗറിന്റെ കരുത്തിന് മുന്നില്‍ പഴങ്കഥയായത്. 5000 മീറ്ററിലാണ് ഒ.പി. ജെയ്ഷ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. റെയില്‍വേസിന് വേണ്ടി ഇറങ്ങിയ ജെയ്ഷ 15 മിനിറ്റ് 31.73 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് 2007-ല്‍ പ്രീജ ശ്രീധരന്‍ സ്ഥാപിച്ച 15 മിനിറ്റ് 45.96 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. ലോങ്ജമ്പില്‍ ഒഎന്‍ജിയുടെ മലയാളി താരം മയൂഖ ജോണിയെ പിന്തള്ളി അവരുടെ തന്നെ ശ്രദ്ധ ഭാസ്‌കര്‍ ഖുലെ സ്വര്‍ണ്ണം നേടി. ശ്രദ്ധ 6.38 മീറ്റര്‍ ചാടിയപ്പോള്‍ മയൂഖ താണ്ടിയത് 6.34 മീറ്റര്‍. പുരുഷന്മാരുടെ 5000 മീറ്ററില്‍ സര്‍വ്വീസസിന്റെ തമിഴ്‌നാട് താരം ജി. ലക്ഷ്മണന് എതിരില്ല. 14 മിനിറ്റ് 00.77 സെക്കന്റില്‍ ലക്ഷ്മണന്‍ സ്വര്‍ണ്ണം നേടി. ഒഎന്‍ജിസിയുടെ സുരേഷ് കുമാര്‍ വെള്ളിയും സര്‍വ്വീസസിന്റെ ഖേത റാം വെങ്കലവും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.