സിന്ധു രണ്ടാം റൗണ്ടില്‍; ശ്രീകാന്ത് പുറത്ത്

Wednesday 16 September 2015 11:03 pm IST

സിയോള്‍: ഇന്ത്യന്‍ താരം പി.വി. സിന്ധു കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസിന്റെ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിലെത്തി. മൂന്നാം സീഡ് തായ്‌ലന്‍ഡിന്റെ രചനക് ഇന്റാനണിനെ അട്ടിമറിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് കുതിച്ചത്. ഒരു മണിക്കൂറും 9 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21-19, 21-23, 21-13  എന്ന ക്രമത്തിലായിരുന്നു സിന്ധുവിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ സയാക തകഹാഷിയാണ് സിന്ധുവിന്റെ എതിരാളി. പുരുഷ സിംഗിള്‍സില്‍ അജയ് ജയറാമും രണ്ടാം റൗണ്ടിലെത്തി. ആറാം സീഡ് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സെനിനെ 21-15, 21-15 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയറാം കീഴടക്കി. മത്സരം 29 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. അതേസമയം പുരുഷ വിഭാഗത്തില്‍ നാലാം സീഡ് കെ. ശ്രീകാന്ത്, എട്ടാം സീഡ് പി. കശ്യപ്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ചൈനീസ് താരം ടിയാന്‍ ഹൗവിയാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. സ്‌കോര്‍: 12-21, 21-13, 21-17. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ശ്രീകാന്ത് തോല്‍വി വഴങ്ങിയത്. തായ്‌ലന്‍ഡിന്റെ വീ നാനോട് 59 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 17-21, 21-16, 21-18 എന്ന സ്‌കോറിനാണ് കശ്യപ് കീഴടങ്ങിയത്. ഏഴാം സീഡ് ചൈനീസ് തായ്‌പേയിയുടെ ചോ ടിന്‍ ചെന്നിനോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എച്ച്.എസ്. പ്രണോയ് പരാജയം രുചിച്ചത്. സ്‌കോര്‍: 18-21, 21-19, 21-17. ആദ്യ ഗെയിം സ്വന്തമാക്കിയ പ്രണോയ്ക്ക് തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മിക്‌സഡ് ഡബിള്‍സില്‍ പ്രദന്യ ഗ്രഡെ-ശിഖി റെഡ്ഡി സഖ്യവും ആദ്യറൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി പുറത്തായി. ജാപ്പനീസ് സഖ്യമായ ഷിസുക മറ്റ്‌സുവോ-മാമി നെയ്‌റ്റോ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികള്‍ 26-24, 21-9 എന്ന സ്‌കോറിന് പരാജയപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.