സഞ്ജു മിന്നി; ഇന്ത്യ എ-ക്ക് മികച്ച വിജയം

Wednesday 16 September 2015 11:06 pm IST

ബെംഗളൂരു: ബംഗ്ലാദേശ് എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ എ ടീമിന് 96 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബാറ്റിങ്ങില്‍ മലയാളി താരം സഞ്ജു വി. സാംസണും (73), ഓള്‍ റൗണ്ട് പ്രകടനവുമായി ഗുര്‍കീരത് സിംഗും (65 റണ്‍സും അഞ്ച് വിക്കറ്റും) അരങ്ങുതകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീം 7 വിക്കറ്റിന് 322 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ ടീം 42.3 ഓവറില്‍ 226 റണ്‍സിന് ഓള്‍ ഔട്ടായി. ലിറ്റണ്‍ ദാസ് (75), നാസിര്‍ ഹൊസൈന്‍ (52) എന്നിവര്‍ മാത്രമാണ് സന്ദര്‍ശക നിരയില്‍ പൊരുതിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ ടീം 1-0ന് മുന്നിലെത്തി. സഞ്ജുവിനും ഗുര്‍കീരത് സിംഗിനും പുറമെ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ (56), ഋഷി ധവാന്‍ (34 പന്തില്‍ പുറത്താകാതെ 56) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ  അഞ്ചിന് 125 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടശേഷമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയത്. ആറാം വിക്കറ്റില്‍ സഞ്ജുവും ഗുര്‍കീരത് സിംഗും ചേര്‍ന്ന് നേടിയ 102 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. സഞ്ജു 76 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 73 റണ്‍സെടുത്തപ്പോള്‍ ഗുര്‍കീരത് 58 പന്തില്‍ നിന്ന് 9 ബൗണ്ടറികളോടെ 65 റണ്‍സെടുത്തു. ഗുര്‍കീരത് പുറത്തായശേഷം ക്രീസിലെത്തിയ ഋഷി ധവാന്‍ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ സ്‌കോറിങിന് റോക്കറ്റ് വേഗം കൈവരികയും ചെയ്തു. 8 ഫോറും രണ്ട് സിക്‌സറുമടക്കമാണ് ഋഷി ധവാന്‍ 56 റണ്‍സെടുത്തത്. ബംഗ്ലാദേശിന് വേണ്ടി നാസിര്‍ ഹൊസൈനും ഷാഫിയുള്‍ ഇസ്‌ലാമും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 323 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചു. ശ്രീനാഥ് അരവിന്ദിന്റെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ ചൂളിപ്പോയ ബംഗ്ലാദേശിന് ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് വെറും 34 റണ്‍സ്. പിന്നീട് 43 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഋഷി ധവാനും പിഴുതതോടെ സന്ദര്‍ശകര്‍ 87ന് അഞ്ച് എന്ന നിലയിലായി. എന്നാല്‍ ആറാം വിക്കറ്റില്‍  ലിറ്റണ്‍ ദാസും നാസിര്‍ ഹൊസൈനും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ അവര്‍ കളിയിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ചു. എന്നാല്‍ നാസിര്‍ ഹൊസൈനെ പുറത്താക്കി ഗുര്‍കീരത് സിങ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അവരുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയും ചെയ്തു. അധികം കഴിയും മുന്നേ ലിറ്റണ്‍ ദാസിനെയും ഗുര്‍കീരത് മടക്കി. പിന്നീട് ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും ഗുര്‍കീരത് പിഴുതതോടെ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 226 റണ്‍സിന് അവസാനിച്ചു. 7.3 ഓവറില്‍ 29 റണ്‍സിന് അഞ്ചു വിക്കറ്റ് നേടിയ ഗുര്‍കീരതിന്റെ മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ശ്രീനാഥ് അരവിന്ദ് മൂന്നും റിഷി ധവാന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.