കേരളം ദേശവിരുദ്ധരുടെ താവളം : പശ്ചിമഘട്ട സംരക്ഷണ സമിതി

Thursday 17 September 2015 12:19 am IST

കല്‍പ്പറ്റ : പ്രകൃതിദുരന്തങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ദുരന്തനിവാരണ അതോറിറ്റിയുടെ തലവനായ ജില്ലാകളക്ടര്‍ വയനാട്ടില്‍ കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണനിയന്ത്രണത്തില്‍ വെള്ളം ചേര്‍ത്ത് മാഫിയകളെ സഹായിക്കാനായി ഒത്താശ ചെയ്യുന്നവര്‍ ദേശവിരുദ്ധരാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യതാല്‍പ്പര്യത്തിനുവേണ്ടി നടപ്പാക്കുന്ന ഭൂരിഭാഗം നിയമങ്ങളും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. മഞ്ഞളാംകുഴി അലിയെപോലെയുള്ള വാണിജ്യതാല്‍പ്പര്യശക്തികളാണ് കെട്ടിടനിര്‍മ്മാണ നിയമം വേണ്ടെന്നുപറയുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനംതന്നെ ഇവര്‍ തകര്‍ക്കുന്നു. കേന്ദ്രനിയമത്തില്‍ വെള്ളംചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്വാറിമാഫിയകള്‍ക്ക് കുട പിടിക്കുകയാണ്. തത്വദീക്ഷയില്ലാതെയാണ് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നത്. വിദേശത്തുനിന്നുള്ള കള്ളപ്പണത്തിന്റെ പ്രഭവകേന്ദ്രം കേരളമാണ്. ഖനനമാഫിയകള്‍ക്കുവേണ്ടി ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന ഇക്കൂട്ടരെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ സമിതി തയ്യാറാകും. വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളും സ്വാഗതംചെയ്ത ജില്ലാകളക്ടറുടെ ഉത്തരവിനെ വയനാടിനുപുറത്തുള്ള മാഫിയകള്‍ക്കുവേണ്ടി വെള്ളം ചേര്‍ക്കുന്നതിനെ സമാനസംഘടനകളുമായി ആലോചിച്ച് പ്രതിരോധിക്കുമെന്നും ഇവര്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍, ജില്ലാട്രഷറര്‍ പ്രേമാനന്ദ്, സാം പി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.