വടകര എസ്എന്‍ കോളേജിലും എസ്എഫ്‌ഐ അക്രമം; നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Thursday 17 September 2015 10:33 am IST

കോഴിക്കോട്/വടകര: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമം വ്യാപിപ്പിക്കുന്നു. ചൊവ്വാഴ്ച ചേളന്നൂര്‍ എസ്എന്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വെച്ചും എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐക്കാര്‍ ഇന്നലെ വടകര എസ്എന്‍ കോളേജിലാണ് അഴിഞ്ഞാടിയത്. പോലീസിന്റെ സാന്നിധ്യത്തിലാണ് വടകര എസ്എന്‍ കോളേജില്‍ മാരകായുധങ്ങളുമായി എത്തിയ എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ എബിവിപി നഗര്‍ സെക്രട്ടറി മിഥുന്‍രാജ്, ശിവപ്രസാദ്, ഹരികൃഷ്ണന്‍, യശ്വന്ത് എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളായ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത പോലീസ് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുകയും ചെയ്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ മിന്നുന്ന വിജയമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന കോളേജില്‍ ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി ഉള്‍പ്പെടെ നാല് സീറ്റുകള്‍ നേടി എബിവിപി മികച്ച വിജയമാണ് നേടിയത്. എബിവിപിയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ മാരകായുധങ്ങളുപയോഗിച്ചാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എബിവിപി പ്രവര്‍ത്തകനെ പോലീസ് വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനകത്തുവെച്ച് പ്രാകൃതമായ രീതിയില്‍ പീഡിപ്പിച്ചതായും എബിവിപി ആരോപിച്ചു. സംഭവത്തില്‍ എബിവിപി താലൂക്ക് സമിതി ശക്തമായി പ്രതിഷേധിച്ചു. എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വടകര താലൂക്കിലെ കോളേജുകളില്‍ പഠിപ്പ്മുടക്കിന് എബിവിപി വടകര താലൂക്ക് സമിതി ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച ചേളന്നൂര്‍ എസ്എന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ അരുണിനെയാണ് എസ്എഫ്‌ഐ അക്രമികള്‍ ക്ലാസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണിനെ സന്ദര്‍ശിക്കാനെത്തിയ എബിവിപി സംസ്ഥാനസമിതി അംഗം ഡി.എസ്. അഭിരാം, ബാലുശ്ശേരി നഗര്‍ പ്രസിഡന്റ് അമല്‍രാജ് എന്നിവരെയും എസ്എഫ്‌ഐ സംഘം അക്രമിച്ചു. എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ് തടഞ്ഞു വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇവരെ അക്രമിച്ചത്. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എബിവിപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. മഹേഷിനെ ഇന്നലെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയുമുണ്ടായി. ചേളന്നൂര്‍ എസ്എന്‍ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയമാണ് ഫോണില്‍ വിളിച്ചവര്‍ സംസാരിച്ചത്. തുടര്‍ന്ന് മഹേഷിനെയും സ്ഥലത്തെ എബിവിപി പ്രവര്‍ത്തകരെയും വധിക്കുമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്നു മണിക്കും നാലുമണിക്കുമിടയില്‍ നാല് തവണയാണ് ഫോണ്‍ വിളിവന്നത്. ഒരു ലാന്റ്‌ഫോണ്‍ നമ്പറില്‍ നിന്നും ഒരു മൊബൈല്‍ഫോണില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് മഹേഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമം എസ്എഫ്‌ഐ അവസാനിപ്പിക്കണമെന്ന് എബിവിപി കോഴിക്കോട് ജില്ലാസമിതി ആവശ്യപ്പെട്ടു. അക്രമം അഴിച്ചുവിടുന്ന എസ്എഫ്‌ഐയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ അക്രമത്തിനെതിരെ ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമിതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.