'അവഗണനയുടെ മരണപാത' സെമിനാര്‍ നടത്തി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം മൂന്നാംഘട്ടപ്രക്ഷോഭം ഒക്‌ടോബറില്‍

Thursday 17 September 2015 10:38 am IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ മൂന്നാംഘട്ടം ഒക്‌ടോബറില്‍ ആരംഭിക്കും. അധികൃതരുടെ നിരന്തരമായ വാഗ്ദാനലംഘനത്തിനും ജനപ്രതിനിധികളുടെ പിന്മാറ്റത്തിനുമെതിരായും ഉദ്യോഗസ്ഥരുടെ ബാലിശമായ നിലപാടുകള്‍ക്കുമെതിരെയാണ് പ്രക്ഷോഭം നടത്തുന്നത്. മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ തുടക്കംകുറിക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് അവഗണനയുടെ മരണപാത എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ആക്ഷന്‍ കമ്മിറ്റിപ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നാലുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച നൂറ് കോടിയില്‍ 75 കോടി രൂപ പതിനഞ്ച് ദിവസത്തിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്ന് എം.കെ. രാഘവന്‍ എംപി പറഞ്ഞു. നിര്‍ദ്ദിഷ്ട പാതയോരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള 2.82 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവയ്ക്ക് ചുറ്റുമതില്‍ കെട്ടിനല്‍കുന്നതിന്റെ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. ഇതിനുള്ള തുകയും പതിനഞ്ച് ദിവസത്തിനകം അനുവദിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത എം.കെ. രാഘവന്‍ എംപി പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വീതി 45 മീറ്റര്‍ പരിധിയില്‍ പെടാത്തതിനാല്‍ ദേശീയപാത അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും സഹായം ലഭ്യമാക്കാനാവില്ല. 24 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന നാലുവരിപ്പാതയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണുള്ളത്. മലാപ്പറമ്പ് ജംഗ്ഷന്‍ പരിസരത്തെങ്കിലും അടിയന്തിരമായി വീതി കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും എം കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന റിപ്പോര്‍ട്ടും പ്രക്ഷോഭപരിപാടികളെപ്പറ്റിയും വിശദീകരിച്ചു. എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പി. അനില്‍കുമാര്‍ വിഷയാവതരണം നടത്തി. റിട്ട. റീജ്യണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എം.കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, സിഡിഎ ചെയ ര്‍മാന്‍ എന്‍. സി. അബൂബക്കര്‍, മുന്‍ മേയര്‍മാരായ ടി.പി. ദാസന്‍, എം. ഭാസ്‌കരന്‍, സി.ജെ. റോബിന്‍,ഡോ.കെ. മൊയ്തു, ഉമ്മര്‍ പുതിയോട്ടില്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി. മോഹന്‍,മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മ, ഡിസിസി പ്രസിഡന്റ് കെ.സി. അബു, സിപിഐ ജില്ലാസെക്രട്ടറി ടി.വി. ബാലന്‍, കെ.വി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി. വാസുദേവന്‍ സ്വാഗതവും സിറാജ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.