മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Thursday 17 September 2015 5:26 pm IST

ബെംഗളൂരു: ആര്‍എസ്‌സിന്റെ മുതിര്‍ന്ന പ്രചാരകന്‍ കെ.എസ്. നാഗഭൂഷണ്‍ ഭാഗവത് (80) അപകടത്തില്‍ കൊല്ലപ്പെട്ടു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായ ക്ഷതമേറ്റിരുന്നു. ജന്മദേശമായ കര്‍ണാടത്തിലെ ഷിമോഗയില്‍ വീട്ടുവളപ്പില്‍ സംസ്‌കാരകര്‍മ്മങ്ങള്‍ നടത്തി. അറുപതുവര്‍ഷമായി പ്രചാരകനായിരുന്നു.  കര്‍ണാടകത്തിലെ ഷിമോഗയില്‍ ശങ്കരനാരായണന്‍ ഭാഗവതിന്റെ ഒമ്പതുമക്കളില്‍ മൂന്നാമനായിരുന്നു. 1954-ല്‍  ബിഎസ്‌സി പാസായശേഷം 1955-ല്‍ പ്രചാരകനായി. ശ്രീരംഗപട്ടണത്ത് അതിനുമുമ്പ് ആറുമാസം വിസ്താരക് ആയിരുന്നു. മാണ്ഡ്യ, റായ്ചൂര്‍, ചിത്രദുര്‍ഗ്ഗ്, ബല്ലാരി എന്നിടിങ്ങളില്‍ 16 വര്‍ഷം ജില്ലാപ്രചാരകായിരുന്നു. പിന്നീട് ആറുവര്‍ഷം ബെംഗളൂരു ആസ്ഥാന കാര്യാലയത്തിന്റെ ചുമതലനോക്കി. അടിയന്തരാവസ്ഥക്കാലത്ത് ബെംഗളൂരു ജയിലിലായി. കര്‍ണാടകത്തിലെ പ്രമുഖ എന്‍ജിഒ ആയ ഹിന്ദു സേവാ പ്രതിഷ്ഠാന്റെ കോര്‍ഡിനേറ്ററായിരുന്നു ഒമ്പതുവര്‍ഷം. ഇക്കാലത്ത് ഒട്ടേറെ യുവജനങ്ങളെ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കി. പിന്നീട് വനവാസി കല്യാണ്‍ ആശ്രമം, വിശ്വവിഭാഗ് ചുമതലകളും വഹിച്ചു. ലളിത ജീവിതത്തിനു മാതൃകയായിരുന്ന നാഗഭൂഷണ്‍ജിക്ക് രാജ്യത്തിനകത്തും പുറത്തും വ്യാപകമായ സൗഹൃദബന്ധമുണ്ടായിരുന്നു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ, ഡോ. മന്‍മോഹന്‍ വൈദ്യ, മംഗേഷ് ഭേണ്ഡെ, ജെ. നന്ദകുമാര്‍, മുകുന്ദ സി. ആര്‍,സൂര്യനാരായണ റാവു തുടങ്ങിയവര്‍ അനുശോചിച്ചു. ദിവസം അഞ്ചാറു മണിക്കൂറിലേറെ സ്വയംസേവകരേയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരേയും സമ്പര്‍ക്കം ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്ന,എപ്പോഴും പുഞ്ചിരിച്ചു മാത്രം കാണാറുള്ള, യോഗ വിദ്യകള്‍ ദിനവും പരിശീലിച്ചിരുന്ന, നാഗഭൂഷണ്‍ജി തികച്ചും ഒരു കര്‍മ്മയോഗിയായിരുന്നുവെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ഫേസ്ബുക് സന്ദേശത്തില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.