മൂന്നാര്‍ മോഡല്‍ സമരം വ്യാപിക്കാതിരിക്കാന്‍ തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മ

Thursday 17 September 2015 7:18 pm IST

ഇടുക്കി:മൂന്നാറില്‍ തൊഴിലാളി യൂണിയനുകളെ ഒഴിവാക്കി തോട്ടംതൊഴിലാളികള്‍ നടത്തിയ സമരം വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ കുതന്ത്രവുമായി തൊഴിലാളി യൂണിയനുകള്‍ രംഗത്തിറങ്ങി. ഹാരിസണ്‍പ്ലാന്റേഷന്റെ പന്നിയാര്‍, സൂര്യനെല്ലി, ലോക്ഹാര്‍ട്ട് എസ്റ്റേറ്റുകളില്‍ കഴിഞ്ഞദിവസം ആരംഭിച്ചിരിക്കുന്ന സമരം സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. തൊഴിലാളി യൂണിയനുകളെ തള്ളിപ്പറഞ്ഞ് തൊഴിലാളികള്‍ സംഘടിക്കാതിരിക്കാനാണ് ഇടുക്കിയിലെ തോട്ടങ്ങളില്‍ സമരത്തിന് തൊഴിലാളി യൂണിയനുകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍  ഇടുക്കിയുടെ വിവിധയിടങ്ങളില്‍ നടക്കുന്ന സമരം അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന്  പ്ലാന്റേഷന്‍ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.വിജയന്‍ ആരോപിച്ചു. സിഐറ്റിയു, എഐറ്റിയുസി, ഐഎന്റ്റിയുസി എന്നീ തൊഴിലാളി യൂണിയനുകളുടെ ചൂഷണത്തില്‍ മനംമടുത്താണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ യൂണിയനുകളെ തള്ളിപ്പറഞ്ഞ് സമരമുഖത്തെത്തിയത്. മറ്റ് എസ്റ്റേറ്റുകളിലും ഈ സ്ഥിതി ഉണ്ടാകാതിരിക്കുവാനാണ് യൂണിയനുകള്‍ മുന്‍കരുതല്‍ എടുക്കുന്നത്. വണ്ടിപ്പെരിയാറിലെ വാളാടി എസ്റ്റേറ്റിലെ തൊഴിലാളികള്‍  ദുരിതത്തിലാണ്. സിഐറ്റിയുവിനാണ് ഇവിടെ മുന്‍തൂക്കം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെക്കൊണ്ട് അംഗീകരിക്കാന്‍ ശ്രമിക്കാതെ യൂണിയന്‍ നേതാക്കളുടെ നിലനില്‍പ്പിനായി തൊഴിലാളികളെ ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പീരുമേട് നിയോജകമണ്ഡലത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യൂണിയനുകള്‍ക്ക് കഴിഞ്ഞിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.