മുദ്രാബാങ്ക് ഏറ്റവും പ്രയോജനകരമാവുക കേരളത്തിന് : സദാനന്ദ ഗൗഡ

Thursday 17 September 2015 7:25 pm IST

തിരുവനന്തപുരം:വായപ് ലഭിക്കാത്ത ചെറുകിട സംരഭകര്‍ക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മുദ്രാ ബാങ്ക് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനകരമാവുക കേരളത്തിനാണെന്ന് കേന്ദ്രനിയമമന്ത്രി ഡി.വി. സദാനന്ദഗൗഡ.തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നര്‍ ഏറെയുള്ള,തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാന്‍ മുദ്രാബാങ്ക് പദ്ധതി സഹായകരമാവും. ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ഗ്രാമീണ മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവര്‍ പണമിടപാടുകാരുടെ ചൂഷണത്തിന് ഇരയാവുകയാണ്. ഇതില്‍ മാറ്റംവരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മുദ്രാബാങ്ക്. രാജ്യത്ത് 5.77 കോടി ചെറുകിട ബിസിനസ്സ് യൂണിറ്റുകളാണുള്ളത്. ഇവയ്ക്കുള്ള ധനസഹായം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. 50,000 രൂപ വരെ വായ്പ നല്‍കുന്ന ശിശു,50,000 രൂപമുതല്‍ 5 ലക്ഷംവരെ വായ്പ നല്‍കുന്ന കിഷോര്‍,5 ലക്ഷംരൂപ മുതല്‍ 10 ലക്ഷംവരെ വായ്പ നല്‍കുന്ന തരുണ്‍ എന്നിങ്ങനെയുള്ള പദ്ധതികളില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 30 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന ലഭിക്കും. ഈ മാസം 15 വരെ 33.31 ലക്ഷം പേര്‍ക്കായി 21,586 കോടി രൂപ പദ്ധതിയിലൂടെ വിതരണം ചെയ്തു കഴിഞ്ഞതായും സദാനന്ദ ഗൗഡ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, മുന്‍ പ്രസിഡന്റുമാരായ ഒ. രാജഗോപാല്‍, പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, എം.പി. റിച്ചാര്‍ഡ് ഹേ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.