മോദിക്ക് രാഷ്ട്രപതിയുടെ ആശംസ

Thursday 17 September 2015 7:32 pm IST

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജന്മദിനാശംസകള്‍ നേര്‍ന്നു.താങ്കളുടെ  അറുപത്തഞ്ചാമത് ജന്മദിനത്തില്‍ എന്റെ ഉൗഷ്മളമായ  ആശംസകള്‍. താങ്കള്‍ ഭാരതമെന്ന മഹത്തായ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ട് പതിനഞ്ചു മാസം പൂര്‍ത്തിയാക്കിയ സമയത്താണ് ഈ ദിനം കടന്നെത്തുന്നത്. വ്യക്തിപരമായും രാജ്യത്തിനും അനവധി നേട്ടങ്ങള്‍ സമ്മാനിച്ച കഴിഞ്ഞ ഒരുവര്‍ഷമാണ് കടന്നുപോയത്. താങ്കളുടെ കഠിനാധ്വാനവും ഊര്‍ജ്ജസ്വലതയും പരമ്പരാഗത രീതിയില്‍ നിന്ന് വേറിട്ടുള്ള ചിന്താഗതിയും രാജ്യത്തും വിദേശത്തും ഒരുപോലെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.വരും വര്‍ഷങ്ങളിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇടയാക്കട്ടെ, ആയുരാരോഗ്യം നല്‍കി ദൈവം അനുഗഹിക്കട്ടെ. അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍,തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഗവര്‍ണ്ണര്‍ കെ റോസയ്യ, ഡിഎംകെ മേധാവി എം. കരുണാനിധി തുടങ്ങിയവരും മോദിക്ക് ആശംസ നേര്‍ന്നു.

ജന്മദിനത്തില്‍  രക്തദാനം, കൂട്ടയോട്ടം തുടങ്ങിയ പരിപാടികള്‍ രാജ്യമെങ്ങും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്നു.

ട്വിറ്ററില്‍ വര്‍ണ്ണബലൂണുകള്‍
യുവതലമുറയുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ഒന്നായ ട്വിറ്ററും പ്രധാനമന്ത്രിക്ക് അറുപത്തഞ്ചാം ജന്മദിനാശംസ നേര്‍ന്നു. മോദിയുടെ ട്വിറ്റര്‍ പേജ് @ നരേന്ദ്ര മോദിയില്‍ പാറിപ്പറക്കുന്ന വര്‍ണ്ണബലൂണുകളാണ് ചേര്‍ത്തിരിക്കുന്നത്.

യുവമോര്‍ച്ച പഞ്ചക്രാന്തി
അഭിയാന്‍ തുടങ്ങി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തഞ്ചാം ജന്മദിനത്തില്‍ യുവമോര്‍ച്ച പഞ്ചക്രാന്തി അഭിയാന്‍ തുടങ്ങി.മോദി സര്‍ക്കാരിന്റെ അഞ്ച് സുപ്രധാന പദ്ധതികള്‍ പ്രചരിപ്പിക്കുകയാണ് പദ്ധതി.യോഗ, ആരോഗ്യ, ഭവന നിര്‍മ്മാണം, നൈപുണ്യവികസനം, കന്യാശക്തി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു.അഭിയാന്‍  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു.

ഷട്ടില്‍ റാക്കറ്റ്
സൈനയുടെ ഉപഹാരം

സൈന നെഹ്‌വാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാഡ്മിന്റണ്‍ റാക്കറ്റ് സമ്മാനിക്കുന്നു

ബാഡ്മിന്റണിലെ ഭാരതത്തിന്റെ അഭിമാന താരം സൈന നെഹ്‌വാള്‍ വ്യത്യസ്ഥമായ ഉപഹാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത്. ബുധനാഴ്ച വൈകിട്ട് മോദിയെ സന്ദര്‍ശിച്ച സൈന  താന്‍ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍  വെള്ളിമെഡല്‍ നേടിയ സമയത്ത് ഉപയോഗിച്ചിരുന്ന റാക്കറ്റ്( ബാറ്റ്) ആണ് സമ്മാനിച്ചത്.പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതിലും സമ്മാനമായി റാക്കറ്റ്  നല്‍കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.സൈന പറഞ്ഞു. അദ്ദേഹം എന്റെ മല്‍സരങ്ങളെപ്പറ്റി എന്നോട് ചോദിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതിന് എന്നെ അഭിനന്ദിച്ചു.സൈന പറഞ്ഞു.

365 കിലോ ലഡു
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ചുമതലയുള്ള സുലഭ് ഇന്റര്‍നാഷണല്‍ മോദിയുടെ ജന്മദിനം വേറിട്ട രീതിയിലാണ് ആഘോഷിച്ചത്. 365 കിലോ ലഡുവാണ് സുലഭ് നിര്‍മ്മിച്ചത്. മന്ത്രി മഹേഷ് ശര്‍മ്മ ലഡു അനാവരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.