കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു എംപിക്കും ഡിസിസി പ്രസിഡന്റിനും എതിരെ എ ഗ്രൂപ്പ് പരാതി നല്‍കി

Thursday 17 September 2015 7:51 pm IST

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. കെ.സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ്, ഐ വിഭാഗം നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണ മറ്റെല്ലാ നഗരസഭകളും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കോണ്‍ഗ്രസിന് നഷ്ടമാകാന്‍ കാരണം എംപിയുടെയും ഡിസിസി പ്രസിഡന്റിന്റെയും സ്വാര്‍ത്ഥ താത്പര്യങ്ങളായിരുന്നുവെന്ന് എ വിഭാഗം കുറ്റപ്പെടുത്തുന്നു. ഇത്തവണയും ഇവരുടെ അനുഗ്രഹത്തോടെ പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞതായും ഇത് കോണ്‍ഗ്രസിന്റെ വിജയത്തെ ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തു വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തകര്‍ റിബലുകളായി രംഗത്തെത്തിയത്. ഇവരെ പിന്മാറ്റാന്‍ യാതൊരു നടപടിയും എംപിയും ഷുക്കൂറും സ്വീകരിച്ചില്ല. നിര്‍ണ്ണായക സമയത്ത് എംപി വിദേശത്തായിരുന്നുവെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ആലപ്പുഴ സൗത്ത്, നോര്‍ത്ത് ബ്ലോക്കുകളില്‍ പ്രസിഡന്റുമാരെ നിയമിച്ചത് എംപിയുടെയും ഷുക്കൂറിന്റെയും മാത്രം താത്പര്യപ്രകാരമായിരുന്നു. 2000ലും 2005ലും നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന് ഒത്താശ ചെയ്തയാളെയാണ് സൗത്ത് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായി നിയമിച്ചത്. കോണ്‍ഗ്രസിന് ആധിപത്യമുള്ള മുല്ലയ്ക്കല്‍ വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയോട് ദയനീയമായി പരാജയപ്പെട്ട നേതാവിനെയാണ് നോര്‍ത്ത് ബ്ലോക്കില്‍ പ്രസിഡന്റാക്കിയത്. പ്രസിഡന്റുമാരല്ലാതെ മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കാത്തത് ഗ്രൂപ്പുതാത്പര്യം മൂലമാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ആലപ്പുഴ നോര്‍ത്ത് ബ്ലോക്കില്‍ എംപിയുടെയും ഡിസിസി പ്രസിഡന്റിന്റെയും നടപടികള്‍ മൂലമാണ് വാര്‍ഡ് രൂപീകരണയോഗങ്ങള്‍ പോലും മുടങ്ങിയതെന്നും നേതാക്കന്മാരുടെ ഏറാന്‍ മൂളികളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.