അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമ ജീവിതം ക്ലേശകരമായ സുദീര്‍ഘ തപശ്ചര്യയാണ്. അതൊരു ധീരമായ ഉദ്യമമാണ്. സാഹസികമായ ഈശ്വരാന്വേഷണമാണ്. സത്യത്തെ കണ്ടറിയാനുള്ള ഒരു ഗവേഷണവുമാണ്. ഈ തപശ്ചര്യയാണ് നിങ്ങളുടെ മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും തെളിച്ചവും കാഴ്ചപ്പാടിനു വിശാലതയും പ്രജ്ഞയ്ക്ക് പ്രകാശവും നല്‍കുന്നത്. സകലവിധ ബന്ധനങ്ങളില്‍നിന്നും അത് നിങ്ങളെ മോചിപ്പിക്കും.
ഭൗതിക സുഖലോലുപതയില്‍നിന്ന് വ്യതിരിക്തമായ ഈ തപശ്ചര്യയാണ് നിങ്ങളുടെ പ്രജ്ഞയെ വിശുദ്ധമാക്കുന്നത്. ഈ തപശ്ചര്യ ഹൃദയത്തില്‍ ജ്വലിക്കുന്ന ഭാവാത്മകമായ ആത്മീയമായ അഗ്നിയാണ്. നിങ്ങളുടെ അഭിലാഷങ്ങളില്‍ ഈശ്വരന് സ്ഥാനമില്ലെങ്കില്‍ പിന്നെവിടെയാണ് സൗന്ദര്യം. എവിടെയാണ് ജീവിതോന്മേഷം!
നിങ്ങളുടെ കര്‍ത്തവ്യവും ചുമതലകളും സാന്മാര്ഗിക ധര്‍മങ്ങളും അതുപോലെ പലവിധ പരീക്ഷണങ്ങളും പീഡാനുഭവങ്ങളും കഠിനമായ ദുരിതാനുഭവങ്ങളുമെല്ലാം ഈ തപസ്സിന്റെ വിവിധഭാവങ്ങളായിട്ടാണ് വീക്ഷിക്കേണ്ടത്. ഈ തപശ്ചര്യയുടെ തീനാളങ്ങളില്ക്കൂടെ നിങ്ങള്‍ പൂര്‍വാധികം ശുദ്ധീകൃതരും സുശക്തരുമായി ഭവിക്കണം.
ഗൃഹസ്ഥാശ്രമ ജീവിതത്തോട് ബന്ധപ്പെട്ട് ഗാഢസൗഹൃദം ആനന്ദം ദൃഢമായ മമതാബന്ധം, സുഖം, സമാശ്രയത്വം വിവിധ പ്രശ്നങ്ങള്‍, ക്ലേശങ്ങള്‍ ഇവയെല്ലാം ഏവര്‍ക്കുമറിയാം. ഈ അറിവിന് ആദ്ധ്യാത്മികജ്ഞാനത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷെ, നിങ്ങളുടെ ജീവിതത്തേയും കുടുംബത്തേയും വ്യക്തിത്വത്തേയും ധന്യമാക്കുന്ന ഘടകങ്ങള്‍ നിങ്ങളുടെ സത്യാന്വേഷണവും ഈശ്വരപ്രേമവും ധര്‍മനിഷ്ഠയും സ്വാര്‍ത്ഥപരിത്യാഗത്തിനുള്ള നിങ്ങളുടെ കഴിവും ക്രമാനുഗതമായ ആദ്ധ്യാത്മിക ശിക്ഷണത്തിലൂടെ നിങ്ങള്‍ വികസിപ്പിച്ചെടുക്കണം.
സദ്ഗുരു ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: