ന്യൂനപക്ഷ പദവി: ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടി

Thursday 17 September 2015 8:30 pm IST

തിരുവനന്തപുരം: സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കാന്‍  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. 50 ശതമാനം എംബിബിഎസ് സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്ന എംഇഎസ്, കെഎംസിടി, കരുണ, കണ്ണൂര്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസിയ എന്നിവയ്‌ക്കെതിരെയാണ് നടപടി സ്വീകരിക്കുക. ന്യൂനപക്ഷപദവിയുടെ പേരില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന നടപടികള്‍ പരിശോധിക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ന്യൂനപക്ഷപദവിയുടെ പേരില്‍ ഈ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രവേശന മേല്‍നോട്ടസമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. സപ്തംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുള്ളതിനാല്‍ പരിശോധന നടത്തി എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മെഡിക്കല്‍ പ്രവേശന നടപടികളില്‍ മെരിറ്റും സംവരണവും പാലിച്ചിട്ടുണ്ടോയെന്നായിരിക്കും പരിശോധിക്കുക. അതേസമയം, കരാര്‍ ഒപ്പുവയ്ക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. ജെയിംസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് യോഗത്തിലുണ്ടായ ധാരണ. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പരിശീലന സൗകര്യം, സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം കണ്ടുപഠിക്കാനുള്ള അവസരം, മൃതദേഹങ്ങള്‍ പഠനത്തിനായി വിട്ടുകൊടുക്കല്‍ എന്നിവ നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നത്. ജെയിംസ് കമ്മിറ്റിയുടെ പരിശോധനയില്‍ ക്രമവിരുദ്ധമായി പ്രവേശനം നടന്നിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ന്യൂനപക്ഷപദവി സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിച്ചിട്ടില്ല. നടപടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ജെയിംസ് കമ്മിറ്റിയുടെ പരിശോധന. പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി മാനേജ്‌മെന്റുകളുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായില്ല. മെരിറ്റ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംഇഎസ് മെഡിക്കല്‍ കോളജിലെ 61 സീറ്റിലെയും എംഇഎസ് ഡെന്റല്‍ കോളജിലെ ആറ് സീറ്റിലെയും പ്രവേശനം ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബാക്കി കോളേജുകള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.