മരം വീണ് യുവാവിന്റെ നട്ടെല്ല് തകര്‍ന്ന സംഭവം സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Thursday 17 September 2015 11:12 pm IST

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വൃക്ഷത്തിന്റെ ശാഖ ഒടിഞ്ഞുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവിന് തുടര്‍ ചികിത്സയ്ക്കുള്ള ചിലവുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും നോട്ടീസയച്ചു. ഒക്‌ടോബര്‍ 26 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി നോട്ടീസില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഇടക്കൊച്ചി കരീത്തറ ഹൗസില്‍ മിഥുന്‍ കെ. എസിനാണ് (21) 2013 ഏപ്രില്‍ 22ന് അപകടം സംഭവിച്ചത്. ബൈക്കില്‍ ജോലിക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന മരത്തിന്റെ ശാഖ ഒടിഞ്ഞുവീണത്. 20 ലക്ഷത്തോളം ചികിത്സക്ക് ചെലവാക്കി. ആകെയുണ്ടായിരുന്ന 2 സെന്റ് പുരയിടം വിറ്റു. നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യവും നാട്ടുകാരും ചേര്‍ന്നാണ് മിഥുനെ താങ്ങിയെടുത്ത് കമ്മീഷന്‍ സിറ്റിം ഗില്‍ ഹാജരാക്കിയിരുന്നത്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ 3,59,000 രൂപ അനുവദിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചാല്‍ ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ ചികിത്സയ്ക്ക് പണം സര്‍ക്കാര്‍ നല്‍കണമെന്ന് 2015 മാര്‍ച്ച് 20 ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളാണ് കമ്മീഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒക്‌ടോബര്‍ 26 ന് പരിഗണിക്കും. കൊച്ചി നഗരസഭ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യമാണ് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.