ആലുവ: ചുണങ്ങംവേലിയില്‍ തെരുവ് നായകള്‍ ഒരു ആടിനെയും ആറ് കോഴികളെയും കൊന്നു. ആടിനെ ഇന്നലെ ഉച്ചയ്ക്കും കോഴികളെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിലുമാണ് കൊന്നത്. ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിക്ക് സമീപം പുല്ല് തിന്നുകൊണ്ടിരുന്ന തൈലശേരി പി.ജെ. തോമസിന്റെ ആടിനെയാണ് നായക്കൂട്ടം ആക്രമിച്ച് കൊന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആട് ചത്തു. ഇതേ നായക്കൂട്ടം രണ്ടാഴ്ച്ചയോളമായി എലിസബത്ത് പാര്‍ക്ക് തകിടിയില്‍ ജെയിംസിന്റെ കോഴികളെയാണ് കൊന്നുകൊണ്ടിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി മാത്രം കൂട്ടില്‍ കിടന്ന നാല് കോഴികളെ നായക്കൂട്ടം കൊന്നിരുന്നു. ആക്രമണം നടത്തിയ നായക്കൂട്ടത്തില്‍ ഒന്നിന്റെ വായില്‍ നിന്നും വെള്ളം ഒലിച്ചുവരുന്നത് പേബാധയുടെ ലക്ഷണമാണെന്ന പ്രചരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തരാണ്.
ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു മത്തായിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആടിന് കടിയേറ്റ ഭാഗങ്ങള്‍ പരിശോധിച്ചു. പേ ബാധയുള്ള നായയാണെങ്കില്‍ ഇതിനെ കണ്ടെത്തി കൊല്ലുന്നതിനും നാട്ടുകാരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: