രമേശണ്റ്റെ തരംതാഴ്ത്തല്‍ ജില്ലാ കമ്മറ്റിക്ക്‌ വിട്ടു

Friday 1 July 2011 9:18 pm IST

കാഞ്ഞങ്ങാട്‌: മകള്‍ക്ക്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ്‌ തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം കാസര്‍കോട്‌ ജില്ലാ കമ്മറ്റി അംഗവുമായ വി.വി.രമേശനെതിരെ സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടി തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം അംഗീകരിച്ചു. രമേശനെ പാര്‍ട്ടിയുടെ ഏത്‌ ഘടകത്തിലേക്ക്‌ തരംതാഴ്ത്തണം എന്നതിനെ കുറിച്ച്‌ തീരുമാനിക്കാന്‍ സെക്രട്ടറിയേറ്റ്‌ ജില്ലാ കമ്മിറ്റിയെ തന്നെ ചുമതലപ്പെടുത്തി. രമേശനും ശശിക്കുമെതിരെയുള്ള നടപടി പാര്‍ട്ടിയില്‍ വിഎസ്‌ പക്ഷം പിടിമുറുക്കുന്നതിണ്റ്റെ സൂചനയായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായെങ്കിലും വിഎസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണ തന്ത്രം വിജയം കണ്ടതാണ്‌ ഔദ്യോഗിക പക്ഷത്തിനു പാര്‍ട്ടിക്കകത്തെ പിടി അയയാനും വിഎസ്‌ വിഭാഗം സമ്മര്‍ദ്ദ ശക്തിയായി ഉയര്‍ന്നു വരാനും ഇടയാക്കിയത്‌ എന്ന്‌ കരുതുന്നത്‌. പിണറായി പക്ഷത്തെ പ്രബലനായിരുന്നു മുന്‍ കണ്ണൂറ്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയും കടുത്ത വിഎസ്‌ വിരുദ്ധനായ വി.വി.രമേശനെയും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ നീക്കാനും സാധിച്ചത്‌ സംഘടനാ സമ്മേളനം വാതില്‍ക്കലെത്തി നില്‍ക്കെ വി.എസ്‌.വിഭാഗത്തിണ്റ്റെ നേട്ടമായാണ്‌ വിലയിരുത്തപ്പെടുന്നുത്‌. പാര്‍ട്ടിയില്‍ വിഎസ്‌ വിഭാഗം ആധിപത്യം ഉറപ്പിക്കുന്നത്‌ മുന്നില്‍ കണ്ട്‌ നേരത്തെ ഔദ്യോഗിക പക്ഷത്തും നിഷ്പക്ഷ നിലപാട്‌ സ്വീകരിച്ച പല നേതാക്കളും വിഎസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌ ശ്രദ്ധേയമായിട്ടുണ്ട്‌. ഇതില്‍ എം.വി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ നടത്തിയ ചുവട്‌ മാറ്റം ഔദ്യോഗിക പക്ഷത്തിന്‌ തിരിച്ചടിയായിട്ടുണ്ട്‌. കടുത്ത പിണറായി പക്ഷക്കാരനായ ഇ.പി.ജയരാജനും വി.എസ്‌.പാളയത്തിലെത്തുമെന്നാണ്‌ സിപിഎമ്മിലെ അണിയറ നീക്കങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയില്‍ വിഎസ്‌ ഉളവാക്കിയ ചലനം വരാനിരിക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍ പ്രകടമാകുമെന്നതാണ്‌ സിപിഎമ്മിനകത്ത്‌ ഗ്രൂപ്പ്‌ വ്യതിയാനത്തിന്‌ കാരണമാകുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.