മില്‍മ കാലിത്തീറ്റ സബ്‌സിഡി വെട്ടിക്കുറച്ചു

Friday 18 September 2015 10:13 pm IST

കോഴിക്കോട്: മില്‍മ കാലിത്തീറ്റ സബ്‌സിഡി വെട്ടിക്കുറച്ചു. പ്രതിഷേധത്തിനിടെ ഇന്ന് യൂണിയന്‍ ജനറല്‍ ബോഡി യോഗം ചേരും. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ സബ്‌സിഡിയില്‍ 40 രൂപയാണ് കുറച്ചത്. ഇത് സംബന്ധിച്ച് ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ ദിവസത്തോടെ എല്ലാ ക്ഷീര സംഘങ്ങള്‍ക്കും ലഭ്യമായി. ഇതോടെ ഒരുചാക്ക് കാലിത്തീറ്റക്ക് കര്‍ഷകര്‍ 925 രൂപ നല്‍കണം. തുടര്‍ച്ചയായി രണ്ടാം തവണയാണ് മില്‍മ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ചുരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 200 രൂപ സബ്‌സിഡിയും ഇല്ലാതാക്കിയിരുന്നു. കഴിഞ്ഞ തവണ പാല്‍ വില വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് 260 രൂപ കാലിത്തീറ്റക്ക് സ്ബ്‌സിഡി നല്‍കിയിരുന്നു. ഇതില്‍ 200 രൂപ മില്‍മ യൂണിയന്റെയും 60 രൂപ അപക്‌സ് ബോഡിയായ ഫെഡറേഷന്റെയും വകയായിരുന്നു. ഇപ്പോള്‍ സബ്‌സിഡി നാമമാത്രമാക്കിയതോടെ ആയിരക്കണക്കിനുള്ള ക്ഷീര കര്‍ഷകര്‍ ആശങ്കയിലായിരിക്കയാണ്. കാലിത്തീറ്റ ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഗണ്യമായി വര്‍ദ്ധിച്ചതാണ് സബ്‌സിഡി കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. സബ്‌സിഡി കുറച്ചശേഷം നടക്കുന്ന ആദ്യ ജനറല്‍ ബോഡി മലബാര്‍ മേഖലയിലേതാണ്. ആറ് ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന. ഇന്ന് രാവിലെ കോഴിക്കോട് കാലിക്കട്ട് ടവറില്‍ നടക്കുന്ന യോഗത്തില്‍ ആയിരത്തോളം ക്ഷീരസംഘം പ്രതിനിധികളാണ് പങ്കെടുക്കുക. യൂണിയന്‍ മാനേജിംഗ് ഡയറക്ടറുടെ യോഗ്യത മാറ്റി നിശ്ചയിക്കുന്ന ഭേദഗതിയും തമിഴ്‌നാട്ടില്‍ നിന്ന് സംസ്ഥാനത്തേക്ക് പാല്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയവും ജനറല്‍ ബോഡിയില്‍ ഗൗരവമേറിയ ചര്‍ച്ചയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.