എബിവിപിയുടെ പ്രതിഷേധം വിജയം കണ്ടു: എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി

Friday 18 September 2015 10:35 pm IST

കോട്ടയം: എബിവിപിയുടെ പ്രതിഷേധം വിജയം കണ്ടു. എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ വിദേശത്ത് പോയി മുസ്ലിം ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിനെ ഇന്നു നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു എബിവിപിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റിവയ്ക്കുകയായിരുന്നു. വിവാദ പ്രസംഗം നടത്തിയ എം.ജി സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂറിനെ പുറത്താക്കുക, 19ന് നടത്തുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.ജി.സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു. സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ പോലീസ് ലാത്തികൊണ്ട് നേരിടുകയായിരുന്നുവെന്ന് എബിവിപി ആരോപിച്ചു. കഴിഞ്ഞ കുറേ നാളുകളായി വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പച്ചവല്‍ക്കരണവും തുടര്‍ന്നുള്ള പ്രൊ.വി.സിയുടെ വിവാദപ്രസംഗവും സമൂഹം ചര്‍ച്ച ചെയ്യാത്തതും പ്രതികരിക്കാത്തതും അപലപനീയമാണെന്ന് എബിവിപി പറഞ്ഞു. വരുംദിവസങ്ങളില്‍ സര്‍വ്വകലാശാല പരിപാടികളും മറ്റും പ്രൊ.വി.സിയെ പങ്കെടുപ്പിച്ചാല്‍ ശക്തമായ സമരത്തിന് എബിവിപി നേതൃത്വം നല്‍കും. ഷീന ഷുക്കൂറിനെ പുറത്താക്കുന്നതുവരെ സമരവുമായി മുന്നോട്ട്‌പോകുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ആര്‍.കൃഷ്ണരാജ് പറഞ്ഞു. വരും ദിവസങ്ങളില്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലേയ്ക്കും സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ല കണ്‍വീനര്‍ അരുണ്‍ കെ.സി., ജോ.കണ്‍വീനര്‍ വി.എസ്.വിഷ്ണു, വിനീത് നാരായണന്‍, എസ്.ശരത്, മണിക്കുട്ടന്‍, നന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.