ജീവിതം

Saturday 19 September 2015 8:29 pm IST

ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് 'ഈ നിമിഷത്തില്‍ ജീവിക്കുക' എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കും. കുട്ടികളുടെ പഠിത്തം, കടകളിലെ പറ്റ്, വീട്ടുവാടക, ലോണ്‍, രോഗചികിത്സ, ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ചൊക്കെ ആകുലപ്പെടുന്നവര്‍ക്ക് എങ്ങനെ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ കഴിയും എന്നു തോന്നിയേക്കാം. ഇങ്ങനെ പലവിധത്തിലുള്ള അലട്ടലുകളുടെ നടുവില്‍ ഭൂതകാലവും ഭാവിയുമൊക്കെ പൂര്‍ണമായി വിസ്മരിച്ച് ഈ നിമിഷത്തില്‍ മാത്രം എങ്ങനെ ജീവിക്കും എന്ന് മക്കള്‍ സംശയിക്കുന്നുണ്ടാകും. ശരിയാണ്, ഒരു സാധാരണക്കാരന് വര്‍ത്തമാനകാലത്തില്‍, അല്ലെങ്കില്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നതിന് പ്രായോഗികമായ പല തടസ്സങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചതുകൊണ്ടോ വരാന്‍പോകുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതു കൊണ്ടോ എന്തെങ്കിലും ഗുണമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതാവശ്യമാണ്. കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ വിവേകപൂര്‍വം വിശകലനം ചെയ്ത് ഭാവി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്. എന്നാല്‍ അതിന്റെ പേരില്‍ ഭൂതകാലത്തിലും ഭാവിയിലും ഒട്ടിനില്‍ക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അത്താഴം ഒരുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? ഉച്ചയ്ക്കു കഴിക്കാനുള്ള സാമ്പാറില്‍ ഉപ്പുചേര്‍ക്കുമ്പോള്‍ രാത്രിയുണ്ടാക്കേണ്ട കറിയില്‍ ഉപ്പു ചേര്‍ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഇന്നലത്തെ സാമ്പാര്‍ നന്നായില്ല എന്നോര്‍ത്ത് ദുഃഖിക്കുകയും വേണ്ട. ഇപ്പോള്‍ അടുപ്പില്‍ തിളയ്ക്കുന്ന സാമ്പാര്‍ ശ്രദ്ധിക്കുക. അത് നന്നായിരിക്കണ്ടേ? എന്തു ചെയ്യുന്നോ അതില്‍മാത്രം ശ്രദ്ധിക്കുക. ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക. ഇതാണ് ഈ നിമിഷത്തില്‍ ജീവിക്കണം എന്നു പറയുന്നതിന്റെ അര്‍ഥം. വീടിന്റെ പ്ലാന്‍ വരയ്ക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കുക. വീട് പണിയുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.