ജലനിധി പദ്ധതിയുടെ മറവില്‍ പട്ടയക്കുടിക്കാരുടെ 'കിണര്‍ മോഷ്ടിച്ചു'

Saturday 19 September 2015 8:55 pm IST

വണ്ണപ്പുറം പഞ്ചാത്തിലെ ഒരു പറ്റം ജനപ്രതിനിധികളും ഉദ്ദ്യോഗസ്ഥരും നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് പട്ടയക്കുടിയിലെ 40തോളം വനവാസികളുടെ കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വനവാസികളുടെ ഭൂമി കൈമാറരുത് എന്ന നിയമവും ലംഘിച്ചിട്ടും ഭരണകൂടം ഉറക്കം നടിക്കുകയാണ്. വണ്ണപ്പുറം : ജലനിധി പദ്ധതിയുടെ മറയില്‍ വണ്ണപ്പുറം പഞ്ചായത്തില്‍പ്പെട്ട പട്ടയക്കുടി വനവാസി സെറ്റില്‍മെന്റുകളില്‍ കുടിവെള്ളം ഇല്ലാതാകുന്നു. 2002-03 സാമ്പത്തികവര്‍ഷം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പൊതുവായി ഒരു കുളം നിര്‍മ്മിക്കുകയും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടാങ്ക് നിര്‍മ്മിക്കുകയും, ജിഐ, പിവിസി പൈപ്പിലൂടെ വെള്ളം ഉപഭോക്താക്കള്‍ക്ക് വെള്ളം എത്തിക്കുകയും ചെയ്തിരുന്നു. ചിലകുടിക്കാര്‍ കുളത്തില്‍ നിന്ന് വെള്ളം കോരിയെടുത്തും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. കഴിഞ്ഞ ദിവസം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ പ്രദേശത്തുള്ളവര്‍ ഇവിടെ നിന്നും വെള്ളം എടുക്കരുത് എന്ന്   നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ കുളത്തിന് സ്ഥലം സംഭാവന ചെയ്ത ആദിവാസി കുടുംബങ്ങളായ നന്ദജന്‍ ചിറയത്ത്, രാജന്‍ തുടങ്ങിയവര്‍ക്കുപോലും കുടിവെള്ളം നിഷേധിക്കുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൊണ്ടിരിക്കുന്നത്. പട്ടയക്കുടി ട്രൈബല്‍ എല്‍.പി.സ്‌കൂളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ പുര , മോട്ടോര്‍ കുളത്തില്‍ നിന്നുംഏകദേശംസ്‌കൂള്‍വരെ 500 മീറ്റര്‍ വരെ ഒരടിത്താഴ്ചയില്‍ കിടങ്ങ് താഴ്ത്തി പ്ലംബിംഗ് വര്‍ക്ക് നടത്തിയാണ് വെള്ളം എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഐഎച്ച്ഡിപി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കുളവും പരിസരവും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പരിസരവാസികളോട് ചോദിക്കാതെ ജലനിധിക്ക് കൈമാറിയാണ് പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്. നിയമം ലംഘിച്ചാണ് ഈ പദ്ധതി ജലനിധിക്ക് കൈമാറിയത്. വനവാസികളുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിന്ന് ഈ വഞ്ചന നടത്തിയിരിക്കുന്നത്. പദ്ധതിയുടെ മറവില്‍ വ്യാപക പണം കൊള്ള നടത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഈ പ്രശ്‌നം ജലവിഭവ മന്ത്രി പി.ജെ. ജോസഫിനെ കണ്ട് പ്രദേശവാസികള്‍ നിവേദനം നല്‍കുകയും ജലനിധി പദ്ധതിയുടെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് വേണ്ടി വിജിലന്‍സിനെ നിയോഗിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വനവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ കെ. പി. സജീവന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിജയകുമാര്‍ കോലുപുരയില്‍, ബിനു മൂഴിയില്‍, ശിവദാസ് ആനക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.