ദേശീയപാതയില്‍ രണ്ട് അപകടങ്ങളില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു

Saturday 19 September 2015 9:08 pm IST

അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയില്‍ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. അമ്പലപ്പുഴ കച്ചേരിമുക്കിന് തെക്ക് ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നടന്ന അപകടത്തില്‍ രണ്ട് ലോറികളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കോഴികയറ്റിയ ലോറിക്ക് പിന്നില്‍ കാര്‍ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോഴികയറ്റി വന്ന ലോറി മുന്നില്‍ കിടന്ന മറ്റൊരു കണ്ടയ്‌നറുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ ആരും ഇല്ലാതിരുന്നതിനാലാണ് ആര്‍ക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചതാണ് രണ്ടാമത്തെ അപകടം. വൈദ്യുതപോസ്റ്റ് ഒടിഞ്ഞു വീണതിനാല്‍ വൈകിട്ടോടെയാണ് വൈദ്യുതവിതരണം പുനരാരംഭിക്കാനായത്. അമിത വേഗത: മത്സ്യഫെഡ് വാഹനം കാറിലിടിച്ചു കയറി കലവൂര്‍: അമിത വേഗതയില്‍ എത്തിയ മത്സ്യഫെഡ് ചെയര്‍മാന്റെ വാഹനം കാറില്‍ ഇടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ കലവൂര്‍ ബര്‍ണാഡ് ഷാ ജങ്ഷനിലാണ് സംഭവം. കലവൂര്‍ ദേവീനിവാസില്‍ ബാലാജി വെങ്കിടേഷ് (39) യാത്ര ചെയ്ത കാറിലാണ് മത്സ്യഫെഡ് ചെയര്‍മാന്‍ സഞ്ചരിച്ച വാഹനം ഇടിച്ചു കയറിയത്. ബര്‍ണാഡ്ഷാ ജങ്ഷനില്‍ നിന്നും കിഴക്കുഭാഗത്തേക്ക് സിഗ്നല്‍ ഇട്ട് തിരഞ്ഞ കാറിനെ തെക്കുഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ മത്സ്യഫെഡിന്റെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ കാറിന്റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ വാഹനത്തെ രക്ഷിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായി ആരോപണമുയരുന്നു. മത്സ്യഫെഡിന്റെ വാഹനത്തിനെതിരെ കേസെടുക്കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും ആക്ഷേപമുണ്ട്. തന്റെ വാഹനത്തിനെതിരെ കേസെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ബാലാജി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.