കൂട്ടുകെട്ട് തോൽപ്പിച്ചു

Saturday 19 September 2015 9:55 pm IST

ന്യൂദൽഹി: ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യയ്ക്കു തിരിച്ചടി. ഏറെ പ്രതീക്ഷ പുലർത്തിയ ഡബിൾസിൽ ഇന്ത്യ കീഴടങ്ങി. ലിയാണ്ടർ പേസും രോഹൻ ബൊപ്പണ്ണയും അടങ്ങിയ സ്റ്റാർ ജോടിയെ 5-7, 2-6, 2-6ന് തുരത്തിയ  റാഡെക് സ്റ്റെപാനക്- ആദം പാവ്‌ലസെക്ക് സഖ്യം ലോക ഗ്രൂപ്പ് പ്ലേ ഓഫിൽ  ചെക്ക് റിപ്പബ്ലിക്കിന് 2-1ന്റെ ലീഡ് സമ്മാനിച്ചു.  പതിനഞ്ച് വർഷത്തിനിടെ ഡേവിസ് കപ്പ് ഡബിൾസിൽ പേസ് തോൽവി വഴങ്ങുന്നത് ഇതു രണ്ടാം തവണ മാത്രം. 2000നുശേഷം സ്വന്തം മണ്ണിലെ ആദ്യതോൽവിയും. വേണ്ടത്ര മത്സര പരിചയത്തിന്റെ അഭാവം ഇന്ത്യൻ കൂട്ടുകെട്ടിന് വിനയായെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ ഇന്നത്തെ രണ്ടു  റിവേഴ്‌സ് സിംഗിൾസുകളിലും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാവൂ എന്ന നിലവന്നു. ബൊപ്പണ്ണയുടെ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്.  ഷോട്ടുകൾ നിയന്ത്രിക്കുന്നതിൽ ബൊപ്പണ്ണ പരാജയപ്പെട്ടു. താരത്തിന്റെ ഹാഫ് വോളികളിൽ പലതും പുറത്തേക്കുപോയി. സർവിലും ബൊപ്പണ്ണ മോശമാക്കി. മൂന്നാം സെറ്റിൽ സർവ് മെച്ചപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഷോട്ടുകളിൽ പേസ് കൃത്യത കാത്തെങ്കിലും സർവുകൾ പാളി. പേസിന്റെ സർവീസ് ഗെയിം നാലു തവണയും ബൊപ്പണ്ണയുടെ സർവ് മൂന്നു തവണയും ഭേദിക്കപ്പെട്ടു. മറുവശത്ത് പാവ്‌ലസെക്ക് മിന്നും ഫോമിലായിരുന്നു. ആ റാക്കറ്റിൽ നിന്ന് ഉശിരൻ റിട്ടേണുകൾ പിറന്നു. പാവ്‌ലസെക്ക് നെറ്റിലേക്ക് കയറിക്കളിച്ചപ്പോഴെല്ലാം ചെക്കിന് പോയിന്റ് ലഭിച്ചു. സ്റ്റെപാനെക്കും സർവീസുകൾ നിലനിർത്തുന്നതിൽ മിടുക്ക് കാട്ടിയതോടെ മത്സരം പൂർണമായും ചെക്ക് റിപ്പബ്ലിക്കിന്റെ വരുതിയിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.