മണപ്പുറത്തേക്കുള്ള പാലം നിര്‍മാണം ആരംഭിച്ചു

Sunday 20 September 2015 10:11 am IST

ആലുവ: കൊട്ടാര കടവില്‍ നിന്നും പെരിയാറിന് കുറുകെ ശിവരാത്രി മണപ്പുറത്തേക്ക് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ നിര്‍മ്മാണം ഇന്നലെയാരംഭിച്ചു. നാല് അടി വീതിയുള്ള ഇരുമ്പ് ഷീറ്റുകള്‍ ലൈനറുകളാക്കുന്ന പണികളാണ് തുടങ്ങിയിട്ടുള്ളത്.  മന്ത്രി രമേശ് ചെന്നിത്തല പാലം നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. അന്യസംസ്ഥാനക്കാരും മലയാളികളും ഉള്‍പ്പെടെ പത്തില്‍ താഴെ തൊഴിലാളികളാണ് ഇപ്പോള്‍ നിര്‍മ്മാണത്തിനുള്ളത്. നിര്‍മ്മാണ മേഖലയിലെ യൂണിയനുകളുമായി അടുത്തയാഴ്ച്ച ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പൈലിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിക്കുകയുള്ളു. അതിന് ശേഷം കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കും. പില്ലറുകള്‍ നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായാണ് ലൈനറുകള്‍ നിര്‍മ്മിക്കുന്നത്. നാല് പില്ലറുകളാണ് പാലത്തിനായി വേണ്ടത്. ലൈനറുകള്‍ തമ്മില്‍ വെല്‍ഡ് ചെയ്ത് യോജിപ്പിച്ച് പുഴയുടെ ആഴത്തിനും ഭൂമിയുടെ ഉറപ്പിനുമനുസരിച്ച് സ്ഥാപിക്കും. തുടര്‍ന്നായിരിക്കും പൈലിംഗ് ജോലികള്‍. ആലുവ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളി സെഗുറോ ഫൗണ്ടേഷനാണ് പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ക്വാറി സമരം നീണ്ടുപോയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. 14 കോടി രൂപ ചെലവില്‍ 200 മീറ്റര്‍ നീളത്തിലും, ആറ് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുഭാഗത്തേയ്ക്കുമുള്ള സഞ്ചാരപാത വേര്‍തിരിക്കുന്നതിനായി പാലത്തിന്റെ നടുഭാഗത്ത് കൈവരി പൊക്കത്തില്‍ മീഡിയനുണ്ടാകും. പാലത്തിന്റെ നടുഭാഗത്ത് പുഴയില്‍ നിന്ന് ഏഴു മീറ്ററും കൊട്ടാരകടവിലെ റോഡില്‍ നിന്ന് ഒന്നരയടി ഉയരത്തിലുമായിരിക്കും പാലം നിര്‍ക്കിക്കുന്നത്. വരുന്ന ശിവരാത്രിക്ക് മുമ്പ് പാലം തുറന്നുകൊടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണം നിശ്ചയിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.