ഒരു മാസം പ്രായമായ പെണ്‍കുഞ്ഞ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Friday 1 July 2011 9:26 pm IST

അമ്പലത്തറ: വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചു പോയ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പോലീസ്‌ കാസര്‍കോട്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറി. അമ്പലത്തറ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പുല്ലൂറിലെ കാട്ടുമാടത്തെ സി.പി.കാര്‍ത്ത്യായനിയുടെ വീട്ടുവരാന്തയിലാണ്‌ കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്‌. കാര്‍ത്ത്യായനി പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ എത്തി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. പിന്നീട്‌ പോലീസ്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 1.300 കിലോ തൂക്കമുള്ള കുഞ്ഞ്‌ ഇപ്പോള്‍ നഴ്സുമാരുടെ പരിചരണയിലാണ്‌. കഴിഞ്ഞ മാസം 3ന്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ സരള സൂര്യബയലിലെ യുവതി പ്രസവിച്ച കുട്ടിയാണോ ഇതെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. കയ്യൂറ്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ്‌ സരളയിലെ യുവതിയെ വിവാഹം കഴിച്ച്‌ ഒരു മാസം തികയുന്നതിന്‌ മുമ്പ്‌ യുവതി പ്രസവിച്ചത്‌ അന്ന്‌ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ മറ്റൊരു കുടുംബത്തിന്‌ കൈമാറുന്നതിനാണ്‌ കാര്‍ത്യായനിയുടെ വീട്ടില്‍ ഏല്‍പ്പിച്ചതെന്നും എന്നാല്‍ ഇടപാടു പരസ്യമായതിനെ തുടര്‍ന്ന്‌ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നുവെന്നും പറയപ്പെടുന്നു.