ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

Monday 21 September 2015 3:47 pm IST

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷന്‍ ജ‌ഗ്‌മോഹന്‍ ഡാല്‍മിയ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഡാല്‍മിയയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഒന്‍പതു മണിയോടെയാണു ഡാല്‍മിയ അന്തരിച്ചത്. വ്യാഴാഴ്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു അദ്ദേഹം. മാര്‍ച്ചിലാണു മൂന്നാം തവണ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എന്‍. ശ്രീനിവാസനു പകരമായിരുന്നു ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷനായത്. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട 1983-ല്‍ ബിസിസിഐ ട്രഷററായിരുന്നു. 1987 ലെയും 96 ലെയും ലോകകപ്പ് നടന്ന സമയത്ത് ബിസിസിഐ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1940 മേയ് 30 നു കൊല്‍ക്കത്തയില്‍ ജനിച്ച ഡാല്‍മിയ വിക്കറ്റ് കീപ്പറായാണു കരിയര്‍ ആരംഭിച്ചത്. വിവിധ ക്രിക്കറ്റ് ക്ലബുകള്‍ക്കു വേണ്ടിയും തന്റെ സ്വന്തം കോളജിനു വേണ്ടിയും ഡാല്‍മിയ കളിച്ചു. 1979 ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലൂടെ ക്രിക്കറ്റ് ഭരണരംഗത്തെത്തിയ ഡാല്‍മിയ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പ്രസിഡന്റായിട്ടുണ്ട്. കുടുംബ ബിസിനസില്‍ ശ്രദ്ധ വച്ച ഡാല്‍മിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കെട്ടിട നിര്‍മാണ ഗ്രൂപ്പിന്റെ മേധാവിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.