'ദേവ സംഗീതം നീയല്ലേ'...

Monday 21 September 2015 6:46 pm IST

കൊച്ചി: ലളിതഗാനരംഗത്തെ കുയില്‍നാദമായാണ് രാധിക തിലക് മലയാളിയുടെ മനസിലേക്ക് ചേക്കേറിയത്. മലയാളസിനിമയിലേക്ക് സ്വരസുന്ദരമായ ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഈ നാദം പെട്ടെന്ന് തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു.  മായാമഞ്ചലില്‍..., കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ.., ദേവസംഗീതം നീയല്ലേ...  മനസില്‍ മിഥുനമഴ.. തുടങ്ങി പ്രശസ്ത ഗാനങ്ങള്‍ രാധികയുടെ സ്വരമാധുരിയില്‍ പൂത്തുലഞ്ഞു. സംഗീത പ്രേമികളുടെ മനസ്സിനെ തകര്‍ത്തുകൊണ്ടാണ് പ്രശസ്ത പിന്നണി ഗായിക രാധികയുടെ വിടവാങ്ങല്‍. ഒന്നര വര്‍ഷമായി അര്‍ബുദ രോഗത്തിന്റെ ചികിത്സയിലായിരുന്ന രാധികയെ പനിബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ഗുരു, കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി എഴുപതില്‍ അധികം മലയാള ചിത്രങ്ങളില്‍ പാടിട്ടുണ്ട്. 1989-ല്‍ ആണു ലളിതഗാന രംഗത്തുനിന്നു ചലച്ചിത്ര ഗാനരംഗത്തേക്ക് എത്തിയത്. ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍ ഇതുവഴിയെ പോകും തെന്നലെ... ഗുരുവിലെ ദേവ സംഗീതം നീ അല്ലേ....ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്‍ഉടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി...കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...നന്ദനത്തിലെ മനസില്‍ മിഥുനമഴ പൊഴിയും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ രാധിക പാടിയിട്ടുണ്ട്. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍ തുടങ്ങിയ ഗായകരോടൊപ്പം നിരവധി സ്റ്റേജ് ഷോകളിലും. ആകാശവാണിയിലും ദൂരദര്‍ശനിലും ലളിത ഗാനങ്ങളും രാധിക പാടിയിരുന്നു. വിവിധ ചാനലുകളില്‍ സംഗീത പരിപാടികളുടെ അവതാരികയുമായിരുന്നു. ദുബായില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ജോണ്‍സണ്‍ മാഷിന്റെയും ബാബുരാജിന്റെയും രവീന്ദ്രന്‍ മാഷിന്റെയുമെല്ലാം സംഗീതസന്ധ്യകളുടെ സംഘാടകരായിരുന്നു രാധികയും ഭര്‍ത്താവ് സുരേഷും. രാധികയുടെ വല്യമ്മയുടെ മകളാണ് ഗായിക സുജാത.  പഌസ് ടു കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ദുബായിലേയ്ക്ക് പോകുന്നത്. സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ പാടാന്‍ അവസരം ലഭിച്ചു.  കോളേജില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന് കലാതിലകപ്പട്ടവും അണിഞ്ഞിരുന്നു. ജോണ്‍സണ്‍ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ...   ശരത്‌സാറിന്റെ മായാമഞ്ചലില്‍ എന്ന ഗാനം എന്നിവയിലാണ് തുടക്കം. തുടക്കത്തില്‍ തന്നെ ഒരുപിടി നല്ല ഗാനങ്ങള്‍ ലഭിച്ചു. രവീന്ദ്രന്‍മാഷിന്റെയും രാജാസാറിന്റെയും (ഇളയരാജ) പാട്ടുകള്‍ പാടാന്‍ രാധികക്ക് കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.