പോരുവഴി-ശാസ്താംനട പ്രദേശത്ത് സംഘര്‍ഷത്തിന് സിപിഎം നീക്കം യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ കല്ലേറ്

Monday 21 September 2015 10:18 am IST

  കുന്നത്തൂര്‍: പോരുവഴി- ശാസ്താംനട പ്രദേശത്ത് സിപിഎം അക്രമത്തിന് പദ്ധതിയിടുന്നതായി സൂചന. യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ കഴിഞ്ഞദിവസം ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. യുവമോര്‍ച്ച കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് പോരുവഴി അമ്പലത്തുംഭാഗം രഞ്ചിത്തിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. അര്‍ദ്ധരാത്രിയോടെ ബൈക്കിലെത്തിയ അക്രമിസംഘം പ്രദേശത്ത് നിന്നിരുന്ന ബിജെപിയുടെ കൊടിമരത്തിലെ കൊടി ഊരി എടുത്ത ശേഷം കല്ലില്‍കെട്ടി മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിച്ച് വീട്ടിലേക്ക് എറിയുകയായിരുന്നു. തീഗോളം വീടിനകത്ത് വീഴാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴെക്കും അക്രമി സംഘം രക്ഷപ്പെട്ടു. ശൂരനാട് പോലീസെത്തി പ്രതികള്‍ എറിഞ്ഞ കല്ലുകളും മറ്റും കണ്ടെടുത്തു. അതേസമയം പ്രദേശത്തെ സിപിഎം പ്രാദേശിക ഘടകത്തില്‍ നിന്നും ധാരാളം പേര്‍ ബിജെപിയിലേക്ക് എത്തുന്നുണ്ട്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎം നടത്തുന്ന വെപ്രാളമാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന ആരോപണം ശക്തമാണ്. ബാലഗോകുലത്തിന്റെ ശോഭായാത്ര തടഞ്ഞതും ഈ സംഭവത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മിന്റെ ഈ നീക്കം പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരുകയാണ്. കഴിഞ്ഞ ദിവസം ഏഴാംമൈല്‍ പ്രദേശത്ത് സിപിഐ-സിപിഎം സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്നവണ്ണം സിപിഎമ്മിന്റെ രക്തസാക്ഷി മണ്ഡപം അക്രമിക്കപ്പെട്ടിരുന്നു. ഇത് ബിജെപിക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ പോലീസ് നോക്കി നില്‍ക്കേ നശിപ്പിച്ചു. ജില്ലയില്‍ ഉടനീളം നടത്തുന്ന അക്രമ സംഭവങ്ങളെ പറ്റി അേന്വഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.