പഞ്ചകര്‍മ്മ ചികിത്സ: കെട്ടിട ഉദ്ഘാടനം നാളെ

Monday 21 September 2015 1:18 pm IST

പയ്യോളി: പയ്യോളി ഗ്രാമപഞ്ചായത്തിലെ തച്ചന്‍കുന്നിലുള്ള കൊയിലാണ്ടി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ നടത്തുന്നതിനായി പുതിയ കെട്ടിടം തയ്യാറായി. എന്‍.ആര്‍.എച്ച്.എം ആയുഷ് ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിടത്തില്‍ ചികിത്സക്കായി നാല് മുറികളും രോഗികള്‍ക്ക് കാത്തിരിപ്പ് സ്ഥലവും ടോയ്‌ലറ്റും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഒ.പി, ഐ.പി കെട്ടിടങ്ങളാണ് ആശുപത്രിയിലുള്ളത്. ഇവിടെ 30 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യവും വിഷ ചികിത്സയും ലഭ്യമാണ്. ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നതി നായി 2015-16 വാര്‍ഷിക പദ്ധതിയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും പയ്യോളി ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പയ്യോളി, തുറയൂര്‍, മേപ്പയ്യൂര്‍, കീഴരിയൂര്‍, മണിയൂര്‍, തിക്കോടി, മുടാടി എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ ചികിത്സക്കായി തച്ചന്‍കുന്ന് ആശുപത്രിയില്‍ എത്തുന്നുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനം തുടങ്ങുന്ന തോടുകൂടി കൂടുതല്‍ പേര്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ പറഞ്ഞു. യോഗ പരിശീലനവും കരള്‍ രോഗ ചികിത്സയും ആശുപത്രിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.പുതിയ കെട്ടിടം നാളെ രാവിലെ 11 മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.