തിരൂരില്‍ത്തന്നെയാവട്ടെ മലയാള സര്‍വകലാശാല

Friday 1 July 2011 9:44 pm IST

തിരൂരില്‍ വരുമെന്ന്‌ പറയുന്ന മലയാള സര്‍വകലാശാല മുസ്ലീംലീഗിന്റെ ആധിപത്യത്തിലാവുമെന്നും രണ്ട്‌ സര്‍വകലാശാലകളുള്ള ഒരു ജില്ലയില്‍ മറ്റൊന്നുകൂടി വേണ്ടായെന്നും പറയുന്നതിലര്‍ത്ഥമില്ല. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോഴിക്കോടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്നതാണ്‌. അലിഗഢ്‌ സര്‍വകലാശാലയുടെ ഒരു പഠനകേന്ദ്രം മാത്രമാണ്‌ മലപ്പുറത്തുള്ളത്‌. ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചരിത്രവും സാഹിത്യപാരമ്പര്യവും പഠിക്കുന്ന ഒരാള്‍ക്ക്‌ സമ്പൂര്‍ണ ഭാഷാപഠന ഗവേഷണ പ്രാധാന്യമുള്ള ഒരു മലയാള സര്‍വകലാശാല വരേണ്ടത്‌ തിരൂരില്‍ തന്നെയാണെന്ന്‌ പറയേണ്ടിവരും. ചരിത്രപ്രാധാന്യമുള്ള തിരുനാവായിലാണ്‌ 'മാമാങ്കം' നടന്നിരുന്നത്‌. അത്‌ തിരൂരിനടുത്താണ്‌. മലയാളഭാഷയുടെ പിതാവിന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പിനോട്‌ ചേര്‍ന്നുതന്നെയാണ്‌ മലയാള സര്‍വകലാശാല വരേണ്ടത്‌. പൂന്താനത്തെപ്പോലെ മണ്‍മറഞ്ഞ ഒട്ടനവധി മഹാപുരുഷന്മാരുടെയും ഭാഷാ ശാസ്ത്ര സ്രഷ്ടാക്കളുടെയും നാടാണ്‌ തിരൂര്‍. മേല്‍പ്പത്തൂര്‍, വള്ളത്തോള്‍, ഉറൂബ്‌ തുടങ്ങി പ്രശസ്ത സര്‍ഗവ്യക്തിത്വങ്ങള്‍ക്ക്‌ ജന്മം നല്‍കിയ മലപ്പുറം ജില്ലയില്‍നിന്നാണ്‌ ഭാഷയുടെ ഈടുവെപ്പായ ഒട്ടേറെ ഗവേഷണശാസ്ത്ര ഗ്രന്ഥങ്ങള്‍ പിറന്നിട്ടുള്ളത്‌. ഈ നിലയ്ക്ക്‌ മലയാള സര്‍വകലാശാല മലപ്പുറത്തുതന്നെയാണ്‌ വേണ്ടത്‌. വള്ളുവനാടിന്റെയും ഏറനാടിന്റെയും സാംസ്ക്കാരിക പാരമ്പര്യംകൊണ്ടും പതിനെട്ടരക്കവികളയ പണ്ഡിതശ്രേഷ്ഠരുടെ കുടുംബങ്ങളാലും സമ്പന്നമായിരുന്നു ഒരുകാലത്ത്‌ മലപ്പുറം ജില്ല. തിരുനാവായ, അങ്ങാടിപ്പുറം, കൂടല്ലൂര്‍ മന, ആഴ്‌വാഞ്ചേരി മന തുടങ്ങി കേരളീയ സംസ്കൃതിയുടെ സമുദ്ധാരണത്തിന്‌ കനത്ത സംഭാവന നല്‍കിയ സ്ഥലങ്ങള്‍ ഈ ജില്ലയുടെ ഭാഗങ്ങളാണ്‌. തുഞ്ചത്തെഴുച്ഛന്‌ ഒരു പ്രതിമപോലും സ്ഥാപിക്കാന്‍ കഴിയാത്ത ഈ മണ്ണില്‍, മലയാള സര്‍വകലാശാലവരുന്നത്‌ അദ്ദേഹത്തിനൊരു സ്മാരകംകൂടിയാണ്‌. ഇടക്കാലത്ത്‌ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരംകൊണ്ട്‌ മാപ്പിളനാട്‌ വിവാദമുണ്ടായെങ്കിലും അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണവും ഇപ്പോള്‍ അതിനടുത്തുതന്നെ രാമസിംഹന്‍ കൊലപാതകവുമായി ബന്ധപ്പെട്ട, നരസിംഹ ക്ഷേത്രം ഉയര്‍ന്നുവരുന്നതും ആ പ്രദേശത്തെ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ്‌. ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളും മാപ്പിളലഹളയുടെ പശ്ചാത്തലവും ഉപയോഗപ്പെടുത്തി കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികര്‍ സൃഷ്ടിച്ച വര്‍ഗീയ ചേരിതിരിവ്‌ നികത്താനും മലയാള സര്‍വകലാശാലയുടെ രൂപീകരണം ഉപകരിക്കുമെന്നാണ്‌ കരുതേണ്ടത്‌. കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചപ്പോഴാണ്‌ മലപ്പുറം ജില്ല, വാദമുയര്‍ത്തിയതും ജില്ല രൂപീകരിച്ചതും. അങ്ങാടിപ്പുറം തളിക്ഷേത്രം കൊട്ടിയടച്ചതും ആരാധനാ സ്വാതന്ത്ര്യം നിരോധിച്ചതും കമ്മ്യൂണിസ്റ്റുകാരനായ ഇമ്പിച്ചി ബാവയാണ്‌. ഇമ്പിച്ചി ബാവ ഇസ്ലാമികവാദിയായിരുന്നില്ല, മറിച്ച്‌ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. 'കോഴിക്കോട്‌' സര്‍വകലാശാലയെ 'കാലിക്കറ്റ്‌' സര്‍വകലാശാലയാക്കിയത്‌ ലീഗ്‌ നേതാക്കളല്ല. ജില്ലയ്ക്കകത്തും പുറത്തുമുള്ള ചില കക്ഷിരാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്‌ നിലവിലുള്ള സര്‍വകലാശാലയെ ഉപയോഗപ്പെടുത്താതിരിക്കുന്നതും വരാനിരിക്കുന്നതിന്‌ പ്രതിബന്ധമാകുന്നതും. മുസ്ലീം തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട രാമസിംഹന്റെ അധീനതയിലിരുന്ന ക്ഷേത്രം ഇന്ന്‌ മുസ്ലീം സഹോദരങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ്‌ പുനഃപ്രതിഷ്ഠിക്കുന്നത്‌ എന്നുകൂടി ഓര്‍ക്കുക. ടിപ്പുവിന്റെ പടയോട്ടത്തിന്‌ ശേഷമുണ്ടായ മാപ്പിളലഹളയെ മുതലെടുത്ത്‌ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയതിന്റെ സൂത്രധാരന്മാര്‍ മാര്‍ക്സിയന്‍ ചിന്താഗതിക്കാരായിരുന്നുവെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. മലപ്പുറം ജില്ല എന്നാല്‍ മാപ്പിള ജില്ലയാണെന്ന ഒരു പൊതുവായ ധാരണ നിലനില്‍ക്കുന്നുണ്ട്‌. ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്‌. തിരൂര്‍ പ്രദേശത്ത്‌ മലയാളം സര്‍വകലാശാല വരുന്നതിനെ ചിലരെങ്കിലും എതിര്‍ക്കുന്നത്‌ ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌. വളരെയേറെ സാംസ്ക്കാരിക പാരമ്പര്യം നിലനില്‍ക്കുന്ന ഒരു ജില്ലയെ മാപ്പിള നാടാക്കി തരംതാഴ്ത്തുകയാണ്‌ ഈ ദുരുദ്ദേശ്യത്തിന്റെ പിന്നില്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി മലപ്പുറം ജില്ലാ വാദം ഉണ്ടാകുകയും ഒപ്പം വര്‍ഗീയവൈരം വളരുകയും ചെയ്ത പശ്ചാത്തലം നിലവിലുണ്ട്‌ എന്നത്‌ സത്യംതന്നെ. എന്നാല്‍ ഇതൊന്നുംതന്നെ ആ ജില്ലയില്‍ നിലനില്‍ക്കുന്ന സാംസ്ക്കാരിക മൂല്യത്തെ തരംതാഴ്ത്തിക്കാണിക്കുവാനുള്ള കാരണമല്ല. എം.എ.ബേബിയുടെ കാലത്തായിരുന്നു മലയാള സര്‍വകലാശാലയെങ്കില്‍ അവിടെ എഴുത്തച്ഛനേയും നിരീശ്വരവാദിയായി ചിത്രീകരിക്കുമായിരുന്നു. നിലവില്‍ നിര്‍ദ്ദിഷ്ട മലയാള സര്‍വകലാശാല അങ്ങനെയാകുകയില്ലെന്ന്‌ പ്രതീക്ഷിക്കാം. ഏതായാലും കാലടി സംസ്കൃത സര്‍വകലാശാലയുടെ ഗതി മലപ്പുറം ജില്ലയിലെ മലയാള സര്‍വകലാശാലയ്ക്ക്‌ വരുമെന്ന ഭയം വേണ്ട. വിദ്യാഭ്യാസം കൈകാര്യം ചെയ്ത ലീഗ്‌ മന്ത്രിമാരെല്ലാം ഹിന്ദുവിരുദ്ധരായിരുന്നുവെന്ന്‌ പറയാന്‍ സാധ്യമല്ല. ഇ.ടി.മുഹമ്മദ്‌ ബഷീറും ലീഗുകാരനായ എം.കെ.മുനീറും കലയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിച്ചവരാണ്‌. വരാന്‍പോകുന്ന സര്‍വകലാശാല മലയാളത്തിന്റെ പാരമ്പര്യത്തിലധിഷ്ഠിതമാകണമെങ്കില്‍, ദേശസ്നേഹികളായ മലയാള പണ്ഡിതന്മാരുടെ സഹകരണമാണ്‌ വേണ്ടത്‌. അത്‌ വേണ്ടതുപോലെ നേടിയെടുക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക്‌ കഴിയുമാറാകട്ടെ. ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞതുപോലെ വിദ്യാഭ്യാസമന്ത്രിമാരാരും ഹിന്ദുക്കളാകരുതെന്ന്‌ കരുതുന്ന കക്ഷിരാഷ്ട്രീയക്കാരുടെ നയം ഒന്ന്‌ മാത്രമാണ്‌ കേരള രാഷ്ട്രീയത്തിലെ ശാപം. ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും പറഞ്ഞ്‌ തമ്മിലടിപ്പിച്ച്‌ നിര്‍ത്താനുള്ള ബ്രിട്ടീഷ്‌ തന്ത്രം തുടരുന്നുവെന്നതാണ്‌ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യാവസ്ഥയെ കലുഷമാക്കുന്നത്‌. അതിന്‌ മലപ്പുറത്തെ മാപ്പിളമാരെ പഴിച്ചിട്ട്‌ കാര്യമില്ല. തുഞ്ചത്താചാര്യനേയും മലയാള സാഹിത്യത്തേയും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ മലയാള സര്‍വകലാശാലയ്ക്കുണ്ടാകാന്‍ തിരൂര്‍ തന്നെയായിരിക്കും നല്ലത്‌. എം.എ.കൃഷ്ണന്‍ കേസരി മുന്‍ പത്രാധിപരാണ്‌ ലേഖകന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.