നിള വരളുന്നു; കുടിവെള്ള പദ്ധതികള്‍ ഭീഷണിയില്‍

Monday 21 September 2015 5:49 pm IST

ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നത് തീരത്തെ കുടിവെള്ള പദ്ധതികളെ ഭീഷണിയിലാക്കുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലയുടെ ഒട്ടേറെ പ്രദേശങ്ങളാണ് നിളയെ ആശ്രയിച്ച് ജലവിതരണം നടത്തുന്നത്. കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ജല അതോറിറ്റിയുടെ പമ്പിങ് തടസ്സപ്പെട്ടതിനെ തുടരന്ന് പമ്പ് ഹൗസിന് സമീപം ഭാരതപ്പുഴയിലെ വെള്ളം ശുദ്ധീകരിക്കുന്ന സ്ഥലത്തെ ചെളി നീക്കംചെയ്യേണ്ടിവന്നു. ഒറ്റപ്പാലം റസ്റ്റ് ഹൗസിന് സമീപത്തെ ടാങ്കിലേക്ക് പമ്പിങ് നടത്തുന്ന പമ്പ് ഹൗസിലാണ് ഏതാനും ദിവസങ്ങളിലായി പ്രശ്‌നം നേരിട്ടത്. ഒറ്റപ്പാലം, തോട്ടക്കര, ഈസ്റ്റ് ഒറ്റപ്പാലം എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. കയറമ്പാറഭാഗത്തേക്ക് പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലെ 25 എച്ച്.പി. മോട്ടോര്‍ ഉപയോഗിച്ചും കയറമ്പാറയിലെ കുഴല്‍ക്കിണറില്‍നിന്ന് പുതിയ പമ്പിങ് ലൈനിലൂടെയും ഒറ്റപ്പാലത്തെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. ഇതിനാല്‍ ജലവിതരണം പൂര്‍ണമായി മുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പുഴയില്‍ നല്ല വെള്ളമുള്ള സമയത്ത് ശുദ്ധീകരിക്കുന്ന സ്ഥലത്തേക്ക് ചെളി ഒഴുകിയെത്തിയിരുന്നു. വെള്ളം കുറഞ്ഞതോടെ ചെളിമൂലം പമ്പുചെയ്യാനാവാത്ത സ്ഥിതിയായി. ഇത് നീക്കംചെയ്യുന്നതോടെ പമ്പിങ് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ഭാരതപ്പുഴയിലുടെ ഒഴുകുന്ന വെള്ളം ഇപ്പോള്‍ മായന്നൂര്‍ ഭാഗത്തുകൂടിയാണ് ഒഴുകിപ്പോകുന്നത്. അതിനാലാണ് പമ്പ് ഹൗസിന് സമീപത്തേക്ക് വെള്ളമെത്താത്തത്. കനത്തമഴയില്‍ ഇരുകരകളും നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ മഴ നിലയ്ക്കുന്നതോടെ അതിവേഗം നീര്‍ച്ചാലാകുകയാണ്. തുടര്‍ച്ചയായി മഴ ലഭിക്കാത്തതിനാല്‍ ഇത്തവണ അതിവേഗം പുഴയിലെ ജലനിരപ്പ് കുറഞ്ഞു. ഒറ്റപ്പാലത്തെ പമ്പ് ഹൗസിന് സമീപവും വെള്ളം കുറവാണ്. ഈ രീതി തുടര്‍ന്നാല്‍ ഇത്തവണ വളരെ നേരത്തെ കുടിവെള്ളവിതരണം പ്രശ്‌നമാകുമെന്നാണ് സൂചന. വര്‍ഷം തോറും പമ്പ് ഹൗസിന് സമീപം മണല്‍ച്ചാക്കുകൊണ്ട് തടയണനിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തിയാണ് പമ്പിങ്ങിന് ആവശ്യമായ വെള്ളം കണ്ടെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.