ഡിഫ്തീരിയ : ആന്റിടോക്‌സിന്റെ ലഭ്യതക്കുറവ് വെല്ലുവിളിയാകുന്നു; മലപ്പുറത്ത് പ്രത്യേക ദൗത്യസംഘം

Monday 21 September 2015 8:14 pm IST

മലപ്പുറം: ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയുടെ മരണം രോഗത്തിനൊപ്പം ഭീതിയും പടര്‍ത്തുന്നു. ഡിഫ്തീരിയയെ പ്രതിരോധിക്കാന്‍ ജില്ലയില്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാനതല ഉദ്യോഗസ്ഥന്‍ ഡോ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന യോഗത്തിലാണ് തീരുമാനം. ഡിഫ്തീരിയക്കുള്ള ആന്റി ടോക്‌സിന്‍ ലഭ്യമല്ലാത്തത് വെല്ലുവിളിയാകുകയാണ്. ഭാരതത്തില്‍ ഇപ്പോള്‍ ഈ മരുന്ന് ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പുകളിലൂടെ രാജ്യം പൂര്‍ണ്ണമായും ഡിഫ്തീരിയ മുക്തമായെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഇതിന്റെ ഉല്‍പാദനം നിര്‍ത്തുകയായിരുന്നു. മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് മരണം സംഭവിച്ചപ്പോഴാണ് അധികൃതര്‍ മരുന്നിനായി പരക്കംപാച്ചില്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം വെട്ടത്തൂര്‍ യതീംഖാനയിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് അമീറുദ്ദീന്‍ (10), പള്ളിയാളിയില്‍ അമീറുദ്ദീന്‍ (12) എന്നിവര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതേ യംതീഖാനയിലെ 23 കുട്ടികള്‍ക്ക് ഡിഫ്തീരിയ ലക്ഷണം കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്‍കാന്‍ ആന്റി സിറം കൊണ്ടുവന്നത് ദല്‍ഹിയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ലാബില്‍ നിന്നാണ്. ഭാരതത്തില്‍ ഇന്ന് ഡിഫീതിരിയക്ക് വേണ്ടിയുള്ള ആന്റി ടോക്‌സില്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്നാണ് അറിവ്. കേന്ദ്രസര്‍ക്കാരിനോട് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. തൊണ്ടയില്‍ രൂപപ്പെടുന്ന വെളുത്ത പാടയില്‍ നിന്നുള്ള ടോക്‌സിന്‍ വൃക്കയിലേക്കും ഹൃദയത്തിലേക്കും ബാധിക്കുന്നതാണ് രോഗത്തെ ഭീകരമാക്കുന്നത്. ആന്റി ടോക്‌സിന്റെ അഭാവത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂ. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള സ്വകാര്യ ഡോക്ടര്‍മാര്‍, മഞ്ചേരി-കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്  പ്രത്യേക ദൗത്യ സേന രൂപീകരിക്കുക. 25 ശതമാനം കുട്ടികള്‍ മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്‌പെടുക്കാന്‍ ബാക്കിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് അധ്യാപകരുടെ സഹായത്തോടെ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരാഴ്ചക്കകം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. അന്ധവിശ്വാസം മൂലവും മതവിശ്വാസത്തിന് ഏതിരാണെന്ന തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ചും മലപ്പുറം ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും പ്രതിരോധ കുത്തിവെപ്പുകളോട് സഹകരിച്ചിരുന്നില്ല. മതപണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി ഭീകരമായി പടരുന്നതിന് ഈ നിസഹകരണം ഒരു കാരണമായെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇത്തരം ആളുകള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണം നടത്തും. മലപ്പുറവും കാസര്‍ഗോഡുമാണ് സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി വീടുകളിലെത്തുമ്പോള്‍ മാതാപിതാക്കള്‍ അതിന് സമ്മതിക്കാത്തതാണ് ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.