പദ്മനാഭന്റെ ചക്രം

Friday 1 July 2011 9:45 pm IST

തിരുവനന്തപുരം നഗരത്തിന്റെ പതിന്മടങ്ങ്‌ വലുപ്പമുണ്ട്‌ വാരണാസിക്ക്‌. വാരണാസിയെ ക്ഷേത്രങ്ങളുടെ നഗരം (സിറ്റി ഓഫ്‌ ടെമ്പിള്‍സ്‌) എന്നാണറിയപ്പെടുന്നത്‌. ആയിരത്തഞ്ഞൂറോളം ക്ഷേത്രങ്ങളുള്ള വാരണാസിയെ ക്ഷേത്ര നഗരമെന്ന്‌ വിശേഷിപ്പിക്കാമെങ്കില്‍ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുള്ള തിരുവനന്തപുരത്തിനും ആ വിശേഷണത്തിന്‌ അര്‍ഹതയുണ്ട്‌. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാഹാത്മ്യം കൂടിയാകുമ്പോള്‍ പ്രത്യേകിച്ചു. അതിപുരാതനവും ലക്ഷണമൊത്തതുമായ നിരവധി ക്ഷേത്രങ്ങള്‍ തിരുവനന്തപുരത്തുണ്ടെങ്കിലും ശ്രീപദ്മനാഭനു ലഭിക്കുന്ന പ്രശസ്തിയും പ്രാധാന്യവും മറ്റു ക്ഷേത്രങ്ങള്‍ക്കില്ലെന്നത്‌ സത്യം. ഏറ്റവും പുതിയ വെളിപാടുകളോടെ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം പതിന്മടങ്ങ്‌ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ക്ഷേത്രത്തിലെ ഒന്നര നൂറ്റാണ്ടായി തുറക്കാത്ത അറകളിലൊന്ന്‌ തുറന്നപ്പോള്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണുണ്ടായത്‌. രണ്ടാമത്തേത്‌ തുറക്കുമ്പോള്‍ എന്തൊക്കെ കാണാനിരിക്കുന്നു എന്ന ആകാംക്ഷയാണെല്ലാവര്‍ക്കും. ഈ അറകള്‍ 1931ല്‍ തുറക്കാനൊരു ശ്രമം നടന്നെങ്കിലും ചിത്തിര തിരുനാള്‍ മഹാരാജാവ്‌ അതിന്‌ അനുമതി നല്‍കിയില്ലത്രെ. സുപ്രീംകോടതിയുടെ നിര്‍ദേശത്തോടെയും നിരീക്ഷണത്തിലുമാണ്‌ അറകള്‍ തുറക്കാന്‍ തുടങ്ങിയത്‌. മൊത്തം ആറ്‌ അറകളില്‍ അഞ്ചെണ്ണം തുറന്നു കഴിഞ്ഞു. രണ്ട്‌ റിട്ട. ജഡ്ജിമാര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പ്രതിനിധി, പുരാവസ്തു ഡയറക്ടര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെ ഏഴംഗ സംഘത്തിന്റെ സാന്നിധ്യത്തില്‍ അറകള്‍ തുറക്കല്‍ ജൂണ്‍ 27നാണ്‌ തുടങ്ങിയത്‌.
ആദ്യ ദിവസം തുറന്ന അറയില്‍ 450 കോടിയിലധികം മതിപ്പു വില കണക്കാക്കിയ നിധിയാണ്‌ കണ്ടെടുത്തത്‌. അഞ്ചറകള്‍ തുറന്നപ്പോള്‍ അമ്പതിനായിരം കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം വെള്ളി ഉരുപ്പടികളും വിലമതിക്കാനാകാത്ത രത്നങ്ങളും ലഭിച്ചു. കേട്ടതൊന്നുമല്ല കണക്ക്‌ എന്ന്‌ വ്യക്തമാണ്‌. സ്വര്‍ണത്തിന്റെയും തങ്കത്തിന്റെയും അളവും തൂക്കവും മാറ്റുമൊന്നും നോക്കിയിട്ടല്ല ഇപ്പോള്‍ അറിഞ്ഞ കണക്ക്‌. രത്നങ്ങള്‍ക്കെന്ത്‌ വില എന്നറിയാനിരിക്കുന്നതേയുള്ളൂ. ലക്ഷക്കണക്കിന്‌ കോടി മൂല്യമുള്ളതാണ്‌ ശ്രീപദ്മനാഭസ്വാമി ക്ഷേത്രമെന്ന വിശ്വാസത്തിന്‌ ഒട്ടും പോറലേല്‍ക്കുന്നില്ല. ചരിത്രാതീത കാലം മുതല്‍ നിലനില്‍ക്കുന്ന ഈ മഹാക്ഷേത്രത്തിന്റെ മഹത്ത്വം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്‌. ഒട്ടേറെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ്‌ ഈ ക്ഷേത്രം ഇന്നു കാണുന്ന വിധം തലയുയര്‍ത്തി നില്‍ക്കുന്നത്‌. ഏറെക്കാലം ക്ഷേത്രം അടച്ചിടേണ്ടി വന്നിട്ടുണ്ട്‌. അഗ്നിബാധയെയും നേരിട്ടു. യോഗനിദ്രയില്‍ ശയിക്കുന്ന ശ്രീപദ്മനാഭന്‌ പക്ഷേ കാര്യമായ ക്ഷതമൊന്നും ഏറ്റില്ല.
കൊല്ലവര്‍ഷം 860ല്‍ ക്ഷേത്രത്തില്‍ പൂജമുടങ്ങി. പിറ്റേവര്‍ഷമാണ്‌ അഗ്നിബാധ. എട്ടരയോഗക്കാരും മഹാരാജാവും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലാണ്‌ തീപിടുത്തമുണ്ടായത്‌. സര്‍വവും വെന്തു വെണ്ണീറായി. വിഗ്രഹത്തിലേക്ക്‌ പടര്‍ന്നു വ്യാപിക്കുന്നതിനു മുമ്പ്‌ തീ കെടുത്തി. തൃക്കൈയിലെ മൂന്നു വിരലും തൃക്കാലിലെ വിരലുകളും മുറിഞ്ഞു പോയി. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്തിനു തൊട്ടു മുമ്പു നടന്ന അവസാനത്തെ അഗ്നിബാധയാണിത്‌. അതിനു മുമ്പും തീപിടുത്തമുണ്ടായിട്ടുള്ളതായി 'മതിലകം ഗ്രന്ഥ വരി'യില്‍ വ്യക്തമാക്കുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തെ പറ്റി ഗവേഷണം നടത്തിയ പ്രൊഫ. എ.ജി.മേനോന്‍ എഴുതുന്നു-
"കൊല്ലവര്‍ഷം 861 മകരം 16ന്‌ തീപിടിത്തം ഭയാനകമായിരുന്നു. അത്താഴപൂജ കഴിഞ്ഞ്‌ പൂജാരികള്‍ പതിവിന്‍പടി മിത്രാനന്ദപുരത്തേക്ക്‌ പോയി. രാത്രി 22 നാഴിക കഴിഞ്ഞ്‌ അഭിശ്രവണ മണ്ഡപത്തിന്റെ വടക്കേ വാതിലില്‍ മരം കൊണ്ടു നിര്‍മിതമായിരുന്ന ചിത്രഘണ്ഡത്തിന്‌ തീപിടിക്കുകയും നിമിഷ നേരം കൊണ്ട്‌ അഭിശ്രവണ മണ്ഡപം കത്തിയെരിയുകയും ചെയ്തു. അതോടെ മുഖമണ്ഡപം, ശ്രീവിമാനം, നരസിംഹ ക്ഷേത്രം, തിരുവോലക്ക മണ്ഡപം, കരുവ മണ്ഡപം എന്നിവിടങ്ങളില്‍ തീ പടര്‍ന്നുയര്‍ന്ന്‌ ചുറ്റുമണ്ഡപത്തിലെത്തി ശ്രീകോവില്‍ കത്തിച്ചാമ്പലായി. ശ്രീകോവിലിലും മറ്റും ഉണ്ടായിരുന്ന ലോഹസാധനസാമഗ്രികളെല്ലാം ഉരുകിയൊഴുകി. കരിങ്കല്ലുകള്‍ പൊട്ടിച്ചിതറി. പിറ്റേന്ന്‌ ഉച്ച വരെ തീ അതിന്റെ താണ്ഡവം തുടര്‍ന്നു. ശ്രീവിമാനത്തിന്റെ മേല്‍ക്കൂര ശ്രീപദ്മനാഭ ബിംബത്തില്‍ വീണ്‌ കത്തിയെരിഞ്ഞു. ജനക്കൂട്ടം ഓടിനടന്ന്‌ തീ കെടുത്താന്‍ ജീവന്‍ പോലും പണയം വച്ച്‌ പരിശ്രമിച്ചു. എന്നാല്‍ ശ്രീപദ്മനാഭ ബിംബത്തിന്‌ പരിക്കുകളൊന്നും പറ്റിയില്ല. ഇടതുകൈയിലെ മൂന്നു വിരലുകളും ഇടതു കാലിലെ എല്ലാ വിരലുകളും മുറിഞ്ഞു. ഉടന്‍ തന്നെ വിഗ്രഹം പുതുക്കി പണിയുകയും ചെയ്തു".
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ക്ഷേത്രത്തിന്റെ പരിഷ്കാരത്തിന്‌ തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കാലത്തു തന്നെയാണ്‌ ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്നുള്ള നിലകളായ ആറ്‌, ഏഴ്‌ ധര്‍മരാജാവിന്റെ (കൊ.വ.940) കാലത്താണ്‌ പൂര്‍ത്തിയാക്കിയത്‌. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിര്‍മാണത്തിന്‌ ചൈതന്യവും ശക്തിയും നല്‍കി. തഞ്ചാവൂര്‍ മാതൃകയില്‍ നൂറ്‌ അടിയോളം ഉയരത്തില്‍ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളില്‍ ഏഴ്‌ സ്വര്‍ണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്ര ഗോപുരം നിര്‍മിച്ചിട്ടുള്ളത്‌. മധുര, തൃശ്ശിനാപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വന്ന നാലായിരം കല്ലാശാരിമാരും ആറായിരം കൂലിപ്പണിക്കാരും നൂറോളം ആനകളും മാസങ്ങളോളം അവിശ്രമവും അക്ഷീണവുമായി ജോലിയെടുത്താണ്‌ ശ്രീബലിപ്പുരയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. അതിന്നും ഒരു അദ്ഭുത ശില്‍പമാണ്‌. പൊന്നും കൊടി മരത്തിന്‌ തേക്കു മുറിച്ചത്‌ കന്യാകുമാരിയിലെ കാക്കച്ചല്‍ കാട്ടില്‍ നിന്നായിരുന്നു. കൊല്ല വര്‍ഷം 914ല്‍ ആടിമാസം 9-ാ‍ം തീയതി സ്വര്‍ണക്കൊടിമരം നാട്ടി. കാക്കച്ചല്‍ നിന്നും ധ്വജസ്തംഭത്തിന്‌ ആവശ്യമായ 27കോല്‍ നീളത്തില്‍ തേക്കു മരം നിലം തൊടാതെ ജലമാര്‍ഗം പൊന്മനയാറു വഴി പട്ടണത്തുറയില്‍ കൂടി ശംഖുമുഖത്തെത്തിച്ചു. തേക്കിന്‍കഴ കരവഴിക്ക്‌ രണ്ടു കരകളിലെ നായന്മാര്‍ ചേര്‍ന്ന്‌ ക്ഷേത്രത്തിലെത്തിച്ചതായാണ്‌ രേഖകള്‍ വ്യക്തമാക്കുന്നത്‌. തേക്കിന്‍തടിയില്‍ ചെമ്പു തകിട്‌ വലയം ചെയ്ത്‌ അതിനു പുറത്തായി സ്വര്‍ണം പൂശിയതാണ്‌ സ്വര്‍ണക്കൊടിമരം (തിരുവനന്തപുരത്തിന്റെ ഇതിഹാസം-പട്ടം ജി.രാമചന്ദ്രന്‍ നായര്‍).
തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക്‌ ആത്മീയമായും വൈകാരികമായും ബന്ധമുള്ളതാണെങ്കിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത്‌ രാജകുടുംബമല്ലെന്നത്‌ ചരിത്രസത്യം. ഇത്‌ ശൂരനാട്‌ കുഞ്ഞന്‍പിള്ള ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ക്ഷേത്രം രാജാധികാരത്തിലമര്‍ന്ന ശേഷം ക്ഷേത്ര സമ്പത്ത്‌ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്‌. തിരുവിതാംകൂര്‍ ഭരിച്ചത്‌ ധര്‍മരാജാക്കന്മാരായതിനാല്‍ ക്ഷേത്രത്തില്‍ നിന്നും വായ്പയെടുക്കുന്ന പണം പലിശ സഹിതം തിരിച്ചേല്‍പ്പിച്ച ചരിത്രവുമുണ്ട്‌. അത്‌ എല്ലാ കാലത്തും നടപ്പായി എന്ന്‌ പറയാനാകില്ല. സര്‍ സി.പി. ദിവാനായിരുന്നപ്പോള്‍ ക്ഷേത്ര നിധിയില്‍ നിന്ന്‌ പലപ്പോഴും സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ രാജഭരണത്തിനായി ഉപയോഗപ്പെടുത്തിയതായി പറയപ്പെടുന്നു. ശ്രീപദ്മനാഭന്റെ മുദ്ര അടങ്ങിയതായിരുന്നു തിരുവിതാംകൂറിലെ നാണയം. ശ്രീപദ്മനാഭന്റെ നാലു ചക്രം ലഭിക്കുക എന്നു വച്ചാല്‍ ദൈവാനുഗ്രഹമായി കണ്ട കാലമുണ്ടായിരുന്നു. ഇന്ന്‌ ശ്രീപദ്മനാഭന്റെ ചക്രമെത്രയെന്ന്‌ എണ്ണി തിട്ടപ്പെടുത്താന്‍ നന്നേ പാടുപെടുകയാണ്‌. ശ്രീപദ്മനാഭന്റെ നേരവകാശികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ ഒതുക്കിയാണ്‌ അവകാശം പൂര്‍ണമായും കൊട്ടാരത്തിന്‌ സ്വന്തമായത്‌. അതിനു ശേഷം മതിലകം ആസ്തികള്‍ പിള്ളമാര്‍ക്ക്‌ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പള്ളിക്കാരുടെ കൈവശമാണ്‌ ചെന്നു പെട്ടത്‌.
ക്ഷേത്രം നിര്‍മിക്കാനും നിലനിര്‍ത്താനും അധ്വാനിച്ചത്‌ എണ്ണിയാലൊടുങ്ങാത്ത അടിസ്ഥാനവര്‍ഗക്കാരാണ്‌. അവരുടെ വിയര്‍പ്പും കണ്ണീരും ചോരയും വീണ മണ്ണാണത്‌. പ്രാണന്‍ നഷ്ടപ്പെട്ടവരും ഒട്ടേറെയാണ്‌. വലുപ്പചെറുപ്പമില്ലാതെ ഇത്രയും കാലം നിര്‍ഭയമായി ശ്രീപദ്മനാഭനെ കണ്ട്‌ തൊഴുതു നിര്‍വൃതി അടയാന്‍ ഭക്തജനങ്ങള്‍ക്ക്‌ സാധിച്ചിരുന്നു. ഇനി തോക്കിന്‍കുഴലുകള്‍ക്ക്‌ നടുവില്‍ നിന്നാലും കണ്ണു നിറയെ ഭഗവാനെ കാണാനൊക്കുമോ എന്ന ശങ്കയാണ്‌ ഇപ്പോളുയരുന്നത്‌. ആരുടെ നിര്‍ദേശമായാലും അറകളുടെ നീളവും നിറവും പൂട്ടിന്റെ വലുപ്പവും താക്കോലിന്റെ വണ്ണവും ആസ്തികളുടെ തൂക്കവും ഒക്കെ വിസ്തരിച്ച്‌ വിവരിച്ച സ്ഥിതിക്ക്‌ ചൂരല്‍ വടിയും തോര്‍ത്തു മുണ്ടുമായി കാവല്‍ നിര്‍ത്തിയാല്‍ എന്തുണ്ടാകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അതിനു മുമ്പ്‌ ചെയ്യാവുന്നത്‌ ഒന്നുണ്ട്‌.
ക്ഷേത്രത്തിന്റെ നേരവകാശികള്‍ ശ്രീപദ്മനാഭനെ ആരാധിക്കുന്നവരെല്ലാമാണ്‌. ക്ഷേത്രത്തിനായി അധ്വാനിച്ച അടിസ്ഥാന വര്‍ഗത്തിന്‌ പ്രത്യേക പരിഗണന ലഭിക്കുക തന്നെ വേണം. അവര്‍ക്ക്‌ ആശയും ആശ്വാസവും മാത്രമല്ല വിശ്വാസം നിലനിര്‍ത്താന്‍ കൂടി ക്ഷേത്രത്തിന്റെ സമ്പത്തിലൊരു പങ്ക്‌ പ്രയോജനപ്പെടുത്തേണ്ടതാണ്‌. പരദേശികളുടെ പണമൊഴുക്കില്‍ പിടിച്ചു നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക്‌ അതൊരാശ്രയമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

-കെ. കുഞ്ഞിക്കണ്ണന്‍