ഡാല്‍മിയക്ക് വിട

Monday 21 September 2015 9:07 pm IST

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ രാഷ്ട്രീയ, സാംസ്‌കാരിക, കായികരംഗങ്ങളിലെ അനവധി പേര്‍ പങ്കെടുത്തു. ഡാല്‍മിയയുടെ കണ്ണുകള്‍ കൊല്‍ക്കത്ത സുശ്രുത ഐ ഫൗണ്ടേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ വനമുക്ത ഐ ബാങ്കിന് ദാനം ചെയ്തു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന ഡാല്‍മിയ അന്തരിച്ചത്. ഇന്നലെ ഈഡന്‍ ഗാര്‍ഡനിലെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവിശാസ്ത്രി, ബിസിസിഐ മുന്‍ അംഗങ്ങളായ ശശാങ്ക് മനോഹര്‍, ശരദ് പവാന്‍, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, മറ്റ് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും മുഴുവന്‍ സമയവും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. മൂന്നുമണിയോടെ കേറതല ശ്മശാനത്തിലായിരുന്നു സംസ്‌കാരം.സ്വദേശത്തും വിദേശത്തും ഏറെ ആദരിക്കപ്പെട്ടയാളും യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് ഭരണാധികാരിയുമായിരുന്നു ഡാല്‍മിയയെന്ന് അനുരാഗ് താക്കൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.