കവുങ്ങ്കൃഷി പ്രതിസന്ധിയിലേക്ക്

Monday 21 September 2015 10:31 pm IST

കല്‍പ്പറ്റ : വയനാട്ടില്‍ കമുകുകള്‍ക്ക്  രോഗം വ്യാപകമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതിവേഗത്തിലാണ്  രോഗം പടരുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് വയനാട്ടില്‍ വയലുകള്‍ പൂര്‍ണ്ണമായും നെല്‍കൃഷിയായിരുന്നു. പഴയകണക്കനുസരിച്ച് 50000  ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ 20000 ഹെക്ടറില്‍ താഴെമാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ശേഷിക്കുന്ന സ്ഥലം കമുകും വാഴയും കൈയ്യടക്കി. ദീര്‍ഘകാലവിളയായ കമുകുകൃഷിയാണ് നെല്‍കൃഷി മൂലം നഷ്ടത്തിലേക്ക് കൂപ്പ്കുത്തി ദുരിതത്തിലായ വയനാടന്‍ കര്‍ഷകര്‍ക്ക് താങ്ങായത്. സാമാന്യം നല്ല വിലയും ലഭിക്കുന്നുണ്ട്. പൊതുവേ കുറഞ്ഞ പരിചരണവും മുടക്കും ഇതിന് ആവശ്യമുള്ളൂ എന്നതും ഇതിന്റെ സവിശേഷതയാണ്. ഇടത്തരം കര്‍ഷകര്‍ സാമ്പത്തികമായി കരകയറിവരുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് കൂനിന്മേല്‍കുരുവായി കമുക് വ്യാപകമായി കേടുവരുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ സഹായമൊന്നും കര്‍ഷകര്‍ക്ക്  ലഭ്യമായിട്ടില്ല.   കൃഷിവകുപ്പില്‍നിന്ന് വര്‍ഷാവര്‍ഷം ലഭ്യമാകുന്ന തുരിശിലും കുമ്മായത്തിലും അവരുടെ ബാദ്ധ്യത തീര്‍ക്കുകയാണ് പതിവ്. റബ്ബര്‍മുതലായ വിളകള്‍ക്ക് നല്‍കുന്ന പരിഗണന കമുകിനും നല്‍കണം എന്നത് കര്‍ഷകരുടെ നിരന്തരമായ ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.