പറവൂരില്‍ ഐ ഗ്രൂപ്പില്‍ തര്‍ക്കം; കോണ്‍ഗ്രസ് പുനഃസംഘടന നീട്ടിവെച്ചു

Monday 21 September 2015 10:41 pm IST

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ തട്ടകമായ പറവൂര്‍ നിയോജക മണ്ഡലത്തിലെ വടക്കേക്കര, പറവൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ പുനഃസംഘടന ഐ ഗ്രൂപ്പിലെ തര്‍ക്കം മൂലം നീട്ടിവെച്ചു. ഒരു ബ്ലോക്ക് കമ്മറ്റിയിലേക്ക് പ്രസിഡന്റ് അടക്കം 51 പേരാണ് വേണ്ടത്. വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിലെ പി.ആര്‍. സൈജനും പറവൂര്‍ ബ്ലോക്ക് പ്രസിഡന്റായി എ ഗ്രൂപ്പിലെ എം.ജെ.രാജുവിനും എന്ന രീതിയില്‍ ഏകദേശം ധാരണയിലെത്തിയിരുന്നു. എന്നാല്‍ പറവൂര്‍ ബ്ലോക്ക് പ്രസിഡന്റായി സതീശന്റെ വിശ്വസ്തനായ ആളെ കൊണ്ടുവരാനുള്ള നീക്കം എ ഗ്രൂപ്പ് തടഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഓരോ ബ്ലോക്കിലേക്കും 25 പേരുടെ ലിസ്റ്റാണ് എയും ഐയും നല്‍കിയത്. രണ്ട് മാസത്തിനുമുന്‍പ് എ ഗ്രൂപ്പിന്റെ ലിസ്റ്റ് നല്‍കിയിരുന്നു. വിശാല ഐ ഗ്രൂപ്പിന്റെ പേരില്‍ സതീശനാണ് 25 പേരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റില്‍ കെ.വി.തോമസ് മൂന്നുപേരെയും അജയ് തറയില്‍ മൂന്നുപേരെയും ഡിസിസി പ്രസിഡന്റ് രണ്ടുപേരെയും നിര്‍ദ്ദേശിച്ചതാണ് തര്‍ക്കങ്ങള്‍ക്കും ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നത് നീളാനും കാരണമായത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ സതീശന്റെ വിശ്വസ്തരായ എട്ട് പേരെ വീതം രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതായിവരും. അങ്ങനെ വന്നാല്‍ എ ഗ്രൂപ്പിന്റെ ലിസ്റ്റില്‍നിന്നും ആനുപാതികമായി ആളെ കുറയ്ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലായെന്നും വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശം ഇരിക്കുന്ന പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ലായെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് പുനഃസംഘടനയുടെ ഭാഗമായുള്ള ഭാരവാഹികളെ പ്രഖ്യാപിക്കല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മതിയെന്നുമാണ് കെപിസിസി തീരുമാനം. ജില്ലയിലെ 28 ബ്ലോക്കില്‍ 26 സ്ഥലത്തും ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും കെപിസിസി വൈസ് പ്രസിഡന്റ് സതീശന്റെ മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് സ്വന്തം ഗ്രൂപ്പിലെ തര്‍ക്കം മൂലം നീട്ടിവെച്ചത് നാണക്കേടായി മാറിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.