സ്ലീപ്പർ ടിക്കറ്റ് തീരുമാനം റെയിൽവേ തിരുത്തി

Monday 21 September 2015 10:57 pm IST

തിരുവനന്തപുരം: പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നത് നിർത്തലാക്കിയ തീരുമാനം റെയിൽവെ  മരവിപ്പിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് മരവിപ്പിച്ചത്. തീരുമാനം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ കേന്ദ്ര  റെയിൽവേ മന്ത്രിക്ക് ഫാക്‌സ് അയച്ചിരുന്നു. റെയിൽവേയുടെ നടപടിയിൽ വ്യാപക പ്രതിഷേധവും ഉയർന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിച്ചത്.ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ടെലിഫോൺ മുഖേനയാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ചീഫ് കൊമേഴ്‌സ്യൽ മാനേജർ നിർദേശം നൽകിയത്. എസി, സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യേണ്ടെന്ന തീരുമാനം കേരളത്തിൽ ഫലപ്രദമാകില്ലെന്നും ഇതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും തിരുവനന്തപുരം പാലക്കാട് ഡിവിഷനുകൾ ചൂണ്ടിക്കാട്ടി. മാത്രമല്ല  വരുമാനത്തിൽ ഗണ്യമായ കുറവുവരുത്തുമെന്നും റിപ്പോർട്ട് ലഭിച്ചതോടെയാണ് ദക്ഷിണ റെയിൽവേ വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സാധാരണ കൗണ്ടറുകൾ വഴി പകൽയാത്രക്കുളള സ്ലീപ്പർ, എസി, ഉയർന്ന ക്ലാസ് ടിക്കറ്റുകൾ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു. കഴിഞ്ഞദിവസമാണ് മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യാത്ത യാത്രക്കാർക്കു പകൽസമയത്തു സാധാരണ കൗണ്ടറുകളിൽനിന്നു സ്ലീപ്പർ ക്ലാസ് ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയിൽവേ നിർത്തലാക്കിയത്. ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്നു പറഞ്ഞാണു പകൽ സമയങ്ങളിൽ നൽകിയിരുന്ന സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിർത്തലാക്കാൻ റെയിൽവേ ബോർഡ് തീരുമാനം എടുത്തത്.ഇത് പകൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാർക്ക് തിരിച്ചടിയായി. വിവാദ തീരുമാനപ്രകാരം ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ജനറൽ കോച്ചുകളിൽ സഞ്ചരിക്കാനുള്ള ടിക്കറ്റുകൾ മാത്രമെ ലഭിക്കുമായിരുന്നുള്ളു. ജനറൽ ടിക്കറ്റെടുത്ത ശേഷം ടിടിഇയെ കണ്ടെത്തി ഒഴിവുണ്ടെങ്കിൽ സ്ലീപ്പർ ടിക്കറ്റ് മാറ്റി വാങ്ങണമെന്നായിരുന്നു പുതിയ നിർദേശം. ഒന്നോ രണ്ടോ മിനിറ്റു മാത്രം സ്റ്റേഷനുകളിൽ നിർത്തിയിടുന്ന ട്രെയിനുകളിൽ ടിടിഇയെ കണ്ടെത്തി ടിക്കറ്റ് മാറ്റി വാങ്ങിയശേഷം കയറുകയെന്നതു പ്രായോഗികമായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.