സര്‍ക്കാര്‍ ആശുപത്രികളെ രക്ഷിക്കണം: ബിജെപി

Tuesday 22 September 2015 9:00 pm IST

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ആവശ്യമായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഇല്ലാത്തതിനാല്‍ സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ നോക്കുകുത്തിയായി മാറുകയാണ്. ജനറല്‍ആശുപത്രി അടക്കമുള്ള ആശുപത്രികളില്‍ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചികിത്സ ലഭിക്കാതെ ഒന്‍പതുവയസ്സുകാരനും മത്സ്യത്തൊഴിലാളികളും മരണമടഞ്ഞിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. മെഡിക്കല്‍ കോളേജും താലൂക്ക് ആശുപത്രികളും ഉച്ചകഴിഞ്ഞാല്‍ അനാഥമായ അവസ്ഥയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള മെഡിക്കല്‍ കോളേജായി വണ്ടാനം മെഡിക്കല്‍ കോളേജ് മാറി. സംസ്ഥാന ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന ജില്ലയിലെ ആരോഗ്യരംഗം അവഗണനയിലാണ്. സര്‍ക്കാര്‍ അവഗണനമൂലം ദന്തല്‍കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാന്‍ പോകുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. പുതിയ കെട്ടിടങ്ങളും ഉപകരണങ്ങളും വാങ്ങിക്കൂട്ടിയിട്ടും ജീവനക്കാരില്ലാത്തതിനാല്‍ പ്രയോജനകരമല്ല. ഈ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ ഭാരവാഹികളായ സി.എ. പുരുഷോത്തമന്‍, എസ്. ഗിരിജ, എം.വി. ഗോപകുമാര്‍, ടി.കെ. അരവിന്ദാക്ഷന്‍, കെ.ജി. കര്‍ത്ത, പി.കെ. വാസുദേവന്‍, ഗീത രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.