വിവേകത്തോടെ പെരുമാറണം

Tuesday 22 September 2015 9:26 pm IST

നമ്മുടെ ശരീരം ഒരു രാജ്യത്തോട് തുല്യമാണ്. കിരീടമുള്ളവനാണ് രാജാവ്. രാജാവിനെയാണ് ആളുകള്‍ ബഹുമാനിക്കുന്നത്. അധികാരവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ടവനെ ആരും രാജാവായി കരുതുകയില്ല. അതുപോലെയാണ് ആരോഗ്യമുള്ളവന്റെ കല്പനകളെ ശരീരം അനുസരിക്കുന്നത്. ആരോഗ്യമുള്ള കാലത്ത് മനസ്സിന്റെ നിര്‍ദേശം, തലച്ചോറിന്റെ നിര്‍ദേശം, ഒക്കെ ശരീരം അനുസരിക്കും. കൈ പൊക്കൂ, കാല്‍ ചലിപ്പിക്കൂ, പാട്ട് പാടൂ എന്നൊക്കെപ്പറഞ്ഞാല്‍ കൈയും കാലും വായും ഇതെല്ലാം അനുസരിക്കും. എന്നാല്‍ ആരോഗ്യമില്ലാതെ രോഗിയായി കിടക്കുന്ന ഒരാള്‍ എന്ത് ആഗ്രഹിച്ചാലും ശരീരം അനുസരിക്കില്ല. ആരോഗ്യം ഇല്ലാത്തപ്പോള്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ തിരിച്ചു പറയും, അടങ്ങിക്കിടക്കൂ എന്ന്. ഇതു പോലെ കാലും തലയും ഒക്കെ അനുസരണക്കേട് കാട്ടും. മാത്രമല്ല അനുസരണക്കേടിന് ഒപ്പം അവര്‍ പറയും:'നിനക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള്‍, കിരീടമുണ്ടായിരുന്നപ്പോള്‍ നിന്റെ കല്പ്പനകള്‍ ഞങ്ങള്‍ അനുസരിച്ചു. ഇപ്പോള്‍ ആരോഗ്യമില്ലാത്ത, കിരീടമില്ലാത്ത നിന്നെ ഞങ്ങള്‍ വകവെക്കില്ല.' സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ പോലും ആനാരോഗ്യകാലത്ത് നമ്മെ അനുസരിക്കില്ല. നമ്മള്‍ പറയുന്നത് കാലും കൈയ്യും മുട്ടും ഒന്നും കേള്‍ക്കില്ല, അനുസരിക്കില്ല. ഓടാനും ചാടാനും പറ്റില്ല. ഇഷ്ടത്തിനു ചവച്ചുകഴിക്കാന്‍ പോലും സാധിക്കില്ല. ചെവിയും കണ്ണും പണിമുടക്കും. അപ്പോള്‍ പ്രജകള്‍ കൈയൊഴിഞ്ഞ രാജാവായി മാറും, നമ്മള്‍. അതുകൊണ്ട് മക്കള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇനി അമ്മ പറയാം. ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം. അഹങ്കാരംകൊണ്ട് മറ്റുള്ളവരുടെ മേല്‍ കുതിര കയറരുത്. മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല. കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്. അങ്ങനെ വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.