സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്നത് പച്ചയായ കച്ചവടം

Tuesday 22 September 2015 11:29 pm IST

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ മറവില്‍ നടക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിന് സര്‍ക്കാരിന്റെ പിന്തുണ. ക്രിസ്ത്യന്‍, മുസ്ലിം മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് മറയില്ലാതെ കച്ചവടം നടക്കുന്നത്. രണ്ടു സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന പ്രഖ്യാപിത നിലപാട് അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ് സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ഈ നിബന്ധനയില്‍ നിന്ന് ആദ്യം ഒഴിവായതെങ്കില്‍ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംഇഎസ് അടക്കമുള്ള മുസ്ലിം മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ പ്രവേശനം നടത്തുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജുകള്‍ അമ്പത് ശതമാനം മെറിറ്റ് സീറ്റുകള്‍  നീക്കി വെക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പകരം  ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അനുവദിച്ച പ്രത്യേക ഫീസ് ഘടനയാണ് ഇവിടെ ഈടാക്കുന്നത്. 4.8 ലക്ഷം രൂപയാണ് മെറിറ്റ് വഴി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ നല്‍കേണ്ടിവരുന്നത്. എ.കെ. ആന്റണി മുന്നോട്ടുവെച്ച സ്വാശ്രയ വിദ്യാഭ്യാസ നയം പരസ്യമായി അട്ടിമറിക്കാനുള്ള സാഹചര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഈ സൗജന്യം തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് ഇപ്പോള്‍ മറ്റ് മുസ്ലിം ന്യൂനപക്ഷ സ്വാശ്രയ കോളജുകളും ആവശ്യപ്പെടുന്നത്. എംഇഎസ് അടക്കമുള്ള മെഡിക്കല്‍ കോളേജുകള്‍ ഇപ്പോള്‍ പ്രവേശനം നടത്തുന്നത് 5,90,000 രൂപ ഫീസ് വാങ്ങിയാണ്. നിലവിലുള്ള ജെയിംസ് കമ്മിറ്റി  നിബന്ധനകള്‍ ലംഘിച്ചുകൊണ്ടാണ് പ്രവേശനം നടക്കുന്നത്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവേശനവുമായി ബന്ധപ്പെട്ട് 120 ഓളം പരാതികളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ച ന്യൂനപക്ഷ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയെടുക്കാനാവാത്ത സാഹചര്യമാണുള്ളത്. മെറിറ്റും നിയമവും അട്ടിമറിച്ചുകൊണ്ടാണ് ഇരു വിഭാഗം മാനേജ്‌മെന്റുകളും  എംബിബിഎസ് പ്രവേശനം നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രം മെഡിക്കല്‍ വിദ്യാഭ്യാസം അടിയറ വെക്കുന്ന സമീപനത്തിനെതിരെ എതിര്‍പ്പുകളുയരുകയാണ്. റാങ്ക്‌ലിസ്റ്റില്‍ 2016-ാം സ്ഥാനം ലഭിച്ച മുസ്ലിം വിദ്യാര്‍ത്ഥിനിക്ക് പോലും പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ പരാതിയുമായി നേരിട്ടെത്തിയത് ഇതിന്റെ ഭാഗമാണ്.  നരിക്കുനി കൊയിലോത്ത്  അബ്ദുള്‍ ഗഫൂറിന്റെ മകള്‍ ഫിനുഫര്‍ബിനയാണ് ന്യൂനപക്ഷ കമ്മീഷന് നേരിട്ട് പരാതി നല്‍കിയത്. സപ്തംബര്‍ 30 ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എംഇഎസ് മാനേജ്‌മെന്റി നെതിരായ കേസ്സില്‍ ഇന്ന് വിധി പറയാനിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.