അധ്യാപകരില്ല, വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തില്‍

Tuesday 22 September 2015 11:08 pm IST

കോതമംഗലം: അദ്ധ്യാപകരെ അനുവദിച്ചു കിട്ടാന്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം. മാമലക്കണ്ടം ഹൈസ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഡിഇ ഓഫീസിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. ആദിവാസി കുടിയേറ്റ മേഖലയായ മാമലക്കണ്ടത്ത് 2014ലാണ് യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയത്. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ ചടങ്ങ് വിദ്യാഭ്യാസ മന്ത്രിയാണ് ഉദ്ഘാടനം നടത്തിയത്. തസ്തിക നിര്‍ണ്ണയം നടത്തി ആവശ്യമുള്ള അദ്ധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്. എന്നാല്‍, ഒരദ്ധ്യയന വര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി അനുപാതത്തിനനുസരിച്ച് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആവശ്യവുമായി പലവട്ടം പിടിഎ കമ്മറ്റിയും നാട്ടുകാരും വകുപ്പു മന്ത്രിയേയും മുഖ്യമന്ത്രിയേയും കണ്ടെങ്കിലും നടപടിയായില്ല. താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇവര്‍ക്ക് ശമ്പളം നല്കാന്‍ നാട്ടുകാരില്‍ നിന്നും പിരിവെടുക്കേണ്ട സാഹചര്യമായിരുന്നു. ശമ്പളം മുടങ്ങിയതോടെ ജില്ലാകളക്ടര്‍ രാജമാണിക്യം, പി.രാജിവ് എംപി എന്നിവര്‍ 25,000/- രൂപ വീതം പിടിഎ വഴി അദ്ധ്യാപകര്‍ക്ക് നല്കി. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും നിയമനം സംബന്ധിച്ചോ അദ്ധ്യാപരുടെ വേതനം സംബന്ധിച്ചോ തീരുമാനമായില്ല. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമര മാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറായത്. മുപ്പത് കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഇവര്‍ ഡിഇഒ ഓഫിസിന് മുമ്പില്‍ സമരത്തിനെത്തിയത്. സമരം ആരംഭിച്ചതോടെ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും പരിഹാരമായില്ല. ഉച്ചയോടെ സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതോടെ രണ്ടു വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം പ്രഖ്യാപിച്ചു . എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ യദുകൃഷ്ണനും സന്ധ്യയും നിരാഹാര സമരത്തിന് തയ്യാറായി. ഇതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും രംഗത്തെത്തി. ഇതിനിടെ പലതലത്തിലും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ കുട്ടികളെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തി. രാത്രി വൈകിയും കുട്ടികള്‍ നിരാഹാര സമരം തുടരുകയാണ്. അധികൃതരും പോലീസും സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. പത്തു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാക്കാമെന്നുള്ള ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉറപ്പും സമരക്കാര്‍ തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.