ആറളം ഫാം തൊഴിലാളി സമരം; സംയുക്ത സമരസമിതിയില്‍ ഭിന്നത; ഐഎന്‍ടിയുസി പിന്മാറി

Wednesday 23 September 2015 10:27 pm IST

ഇരിട്ടി (കണ്ണൂര്‍): ആറളം ഫാമില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി തൊഴിലാളികള്‍ നടത്തി വന്ന സമരത്തില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി.  സിഐടിയു, എഐടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം തുടരും. ഫാം മാനേജ്‌മെന്റില്‍ നിന്നു രേഖാമൂലം ഉറപ്പു ലഭിക്കാതെ സമരം പിന്‍വലിക്കാനാവില്ലെന്നു തൊഴിലാളികള്‍ ഒന്നടക്കം ശഠിച്ചതോടെ സിഐടിയു, എഐടിയുസി നേതാക്കള്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ആറളം ഫാമില്‍ കേരളത്തിലെ മറ്റു ഫാമുകളില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും നല്‍കുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഒഴിവുള്ള തസ്തികകളില്‍ പുനരധിവാസ മേഖലയിലെ  തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം മൂന്ന് ദിവസം പിന്നിട്ട ഇന്നലെ തിരുവനന്തപുരത്ത്  നടന്ന കാബിനറ്റ് യോഗത്തില്‍ തൊഴിലാളികളുടെ ദീര്‍ഘനാളത്തെ  ആവശ്യങ്ങള്‍ അംഗീകരിച്ചതായി മന്ത്രി കെ.—സി. ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്ന് ആറളം ഫാമില്‍ സമരം നടത്തുന്ന തൊഴിലാളി സംഘടനാ നേതാക്കളും ഫാം എംഡി വിശ്വനാഥന്‍ നായരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാല്‍, ഫാം മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പു നല്‍കാതെ സമരം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പറഞ്ഞതോടെ  ട്രേഡ് യൂണിയന്‍ നേതാക്കള്‍ വെട്ടിലായി.  ഏറെ നേരം ഇത് സംബന്ധിച്ചു നടന്ന ചര്‍ച്ചക്കൊടുവില്‍ നാടകീയമായി സിഐടിയു നേതാവ് തങ്ങളുടെ യൂണിയന്‍ രേഖാമൂലം ഉറപ്പു കിട്ടുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.  ഇതോടെ സംയുക്ത ട്രേഡ് യൂണിയനില്‍ സമരത്തോടൊപ്പം നിന്നിരുന്ന ഐഎന്‍ടിയുസി നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന ്ഇറങ്ങിപ്പോയി. ആറളം ഫാം ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഫാം എംഡിയെ കൂടാതെ  പി.—കൃഷ്ണന്‍ എംഎല്‍എ, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍, കെ.ടി. ജോസ്, ആര്‍.ബി. പിള്ള, സി.പി. സന്തോഷ്‌കുമാര്‍, കെ. വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.