ബിജെപിയുമായുള്ള ചര്‍ച്ച ഫലപ്രദം: ഹസാരെ

Friday 1 July 2011 9:47 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന്‌ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കത്തക്ക വിധം കെട്ടുറപ്പുള്ള ലോക്പാല്‍ ബില്ലാണ്‌ ബിജെപിയും വിഭാവനം ചെയ്യുന്നതെന്നും, തങ്ങളുടെ സംഘത്തിനാവശ്യമായ എല്ലാ പിന്തുണയും പാര്‍ട്ടി ഉറപ്പുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഹസാരെ. ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കരടുരേഖയും, അണ്ണാ സംഘത്തിന്റെ കരടുരേഖയും ചര്‍ച്ചക്കിടയില്‍ ഒത്തുനോക്കിയതായും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ബില്ലില്‍ വരുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല്‌ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കണമെന്ന നിലപാടിനോട്‌ ബിജെപി നേതാക്കള്‍ പൂര്‍ണ്ണമായും യോജിച്ചതായും എന്നാല്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയില്ലെന്നും ഹസാരെ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതോടൊപ്പം ബില്ലിലെ 105-ാ‍ം നിയമപ്രകാരം ഉറപ്പാക്കിയ എംപിമാരുടെ പരിരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളിലാണ്‌ ബിജെപി നേതാക്കള്‍ക്ക്‌ സംശയങ്ങളുണ്ടായിരുന്നതെന്നും ബില്ലിനെ സംബന്ധിച്ച വിശദമായ ഒരു മാര്‍ഗരേഖ ബിജെപി നേതാക്കള്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്‌, അരുണ്‍ ജെറ്റ്ലി, മുരളീമനോഹര്‍ ജോഷി, ജസ്വന്ത്‌ സിംഗ്‌, യശ്വന്ത്‌ സിന്‍ഹ, എം. വെങ്കയ്യ നായിഡു, എസ്‌.എസ്‌. ആലുവാലിയ, അനന്ത്കുമാര്‍, രാംലാല്‍, രവിശങ്കര്‍ പ്രസാദ്‌ എന്നിവരാണ്‌ ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയത്‌. പൊതുപ്രവര്‍ത്തകരായ അരവിന്ദ്‌ കേജ്‌രിവാള്‍, കിരണ്‍ബേദി എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം അശോക റോഡിലുള്ള ബിജെപി ആസ്ഥാനത്തെത്തിയത്‌. ഇതോടൊപ്പം കളങ്കിതരല്ലാത്തവര്‍ ലോക്പാലിന്റെ തലപ്പത്തു വരണമെന്നതാണ്‌ തങ്ങളുടെ ആവശ്യമെന്നും, അണ്ണാഹസാരെയോടും സംഘത്തോടും അതിയായ ബഹുമാനമുണ്ടെങ്കിലും ലോക്പാല്‍ ബില്ലിലെ ചില കാര്യങ്ങള്‍ക്കൂടി വിശദീകരിക്കപ്പെടേണ്ടതായുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമേ ലോക്പാല്‍ സംബന്ധിച്ച ബിജെപിയുടെ അന്തിമ തീരുമാനം അറിയിക്കാനാകൂ. ലോക്പാല്‍ സംബന്ധിച്ച്‌ ഞായറാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമ്മേളനത്തിന്‌ മുന്നോടിയായി പാര്‍ട്ടി നയം വ്യക്തമാക്കുമെന്നും ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.
ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അണ്ണാ ഹസാരെ ഇന്ന്‌ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിക്കും. വൈകിട്ട്‌ 4മണിയോടുകൂടിയാണ്‌ സന്ദര്‍ശനം നടക്കുക. ലോക്പാല്‍ ബില്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ള വിരുദ്ധാഭിപ്രായങ്ങളും, ബിജെപി അടക്കമുള്ള കക്ഷികള്‍ ബില്ലിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളും ചര്‍ച്ചാ വിഷയങ്ങളാകുമെന്നാണ്‌ സൂചന. ലോക്പാല്‍ ബില്ലിന്‌ പിന്തുണ തേടി എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളെയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഹസാരെയും സംഘവും.