യുജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ സാധ്യത; ആദ്യമായി വിസിക്കുവേണ്ടി വിജ്ഞാപനം

Wednesday 23 September 2015 10:17 pm IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാലക്ക് വിസിയെ തേടി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. യുജിസി മാനദണ്ഡങ്ങള്‍ ഇത്തവണ കര്‍ശനമായി പാലിക്കപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 10 വര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചവരെ മാത്രമേ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാവൂ എന്നാണ് യുജിസി നിര്‍ദ്ദേശം. പക്ഷേ നാളിതുവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇത് പാലിക്കപ്പെട്ടിരുന്നില്ല. ചാന്‍സലറായ ഗവര്‍ണറുടെ നോമിനിയോ സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിക്കുന്ന വ്യക്തിയോ ആണ് ഇതുവരെ വൈസ്ചാന്‍സലറായിരുന്നത്. സര്‍വകലാശാല നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കാരണം. യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ മൂന്നിനകം ഹയര്‍ എജ്യൂക്കേഷന്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അപേക്ഷകള്‍ സെര്‍ച്ച് കമ്മറ്റിക്ക് കൈമാറാനാണ് തീരുമാനം. പ്രമുഖ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്. വൈസ് ചാന്‍സലറായിരുന്ന എം.അബ്ദുള്‍ സലാം വിരമിച്ച സാഹചര്യത്തില്‍ പുതിയ വിസിയെ കണ്ടെത്താന്‍ ഗവര്‍ണ്ണര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല വിസി  ഡോ.ഖാദര്‍ മങ്ങാടിനാണ് ചുമതല നല്‍കിയിരിക്കുന്നത്. തേഞ്ഞിപ്പലം സ്വദേശിയും മറ്റൊരു സര്‍വകലാശാലയില്‍ രജിസ്ട്രാറുമായ അനുഭാവിയെ വിസി ആക്കാനുള്ള ലിഗിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് നടപടി. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിസി നിയമനം നടന്നാല്‍ സര്‍വകലാശാലക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.