സംഗീത ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി 'നാദം 2015' സമാരംഭിച്ചു

Wednesday 23 September 2015 10:21 pm IST

കോട്ടയം: സംഗീത, മേള ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി എം.ജി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഇന്റര്‍ നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെല്‍ നാദം 2015 സമാരംഭിച്ചു. കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ മന്ത്രി കെ.സി ജോസഫ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷതവഹിച്ചു. സര്‍വ്വകലാശാല രജിസ്ട്രാറും ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായ എം.ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റ് മെമ്പര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ.എസ് ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിനോടനുബന്ധിച്ച് പ്രാചീനവും ആധുനികവുമായ സംഗീത ഉപകരണങ്ങളുടെ നിര്‍മ്മാണരീതികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. വാദ്യ ഉപകരണങ്ങളാ ഈപോണിയം, ട്രംപറ്റ്, ബുള്‍ബുള്‍, കോര്‍നെറ്റ്, പോക്കറ്റ് കോര്‍നെറ്റ്, ആഫ്രിക്കന്‍ റാറ്റിലര്‍, മഹാരാഷ്ട്രയിലെ വാദ്യഉപകരണങ്ങളായ ഡോളിഡോളി, ഘട്ട്താര്‍, മധ്യപ്രദേശില്‍ നിന്നുള്ള ദൂസ്‌റി, തമിഴ്‌നാടിന്റെ തനത് സംഗീത ഉപകരണമായ നാഗര, ജമഡിക്ക എന്നിവ പ്രദര്‍ശനത്തിനായി എത്തിച്ചിട്ടുണ്ട്. പൗരാണിക കേരളത്തിന് വാദ്യകലയിലുള്ള പ്രാവീണ്യം വിളിച്ചറിയിക്കുന്ന അഖണ്ഡനാമതംബുരു, ചിന്ത്, ഓണവില്ല്, മരംമണി, വംശി, കിങ്ങിണി അരിവ, വലംപിരിശംഖ്, ഇടംപിരി ശംഖ് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ തേങ്ങ, ചിരട്ട, ചൊട്ട, വെള്ളക്ക, കൊലഞ്ഞില്‍, പൊതിമടല്‍ എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കളും മുളകൊണ്ടുള്ള സംഗീത ഉപകരണങ്ങളും ഏറെ ആകര്‍ഷണീയമാണ്. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. നാനോ ടെക്‌നോളജി ഏറെ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സംഗീത ഉപകരണങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റിയന്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍യൂണിവേഴ്‌സിറ്റി ഫോര്‍ മ്യൂസിക്കിന് പൊതുസിലബസ് ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രോ വി.സിയുമായിബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നവാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.