നവതിയിലെത്തിയ നവോത്ഥാന നക്ഷത്രം

Wednesday 23 September 2015 10:41 pm IST

ആദിശങ്കരന്റെ അദ്വൈതബോധവും സ്വാമി വിവേകാനന്ദന്റെ സമരാത്മകതയും ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പയും മഹര്‍ഷി അരവിന്ദന്റെ ആത്മജ്ഞാനവും കാറല്‍ മാര്‍ക്‌സിന്റെ അപഗ്രഥന പാടവവും ഭിന്നമാത്രകളില്‍ സ്വാംശീകരിച്ച ഒരാള്‍ ഒന്‍പത് പതിറ്റാണ്ടായി നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുവെന്നത് എത്രമേല്‍ മഹത്വപൂര്‍ണമാണ്! ധ്യാനനിര്‍ഭരമായ മനസ്സും കര്‍മനിരതമായ ശരീരവും ആശയങ്ങളുടെ അക്ഷയസ്രോതസ്സായ ബുദ്ധിയും നല്‍കി ജഗദീശ്വന്‍ കനിഞ്ഞനുഗ്രഹിച്ച ഈ മഹാത്മാവ് ഇന്ന് നവതിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ദേശീയത എന്ന സങ്കല്‍പ്പത്തിന് ഭാവനയുടെ ചിറകുകള്‍ നല്‍കിയ കവി, ആദര്‍ശം മുഖമുദ്രയാക്കിയ  ആര്‍എസ്എസ് പ്രചാരകന്‍, ആധുനിക കേരളം കണ്ട അതുല്യസംഘാടകന്‍, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അയത്‌നലളിതമായും ആധികാരികമായും ആകര്‍ഷകമായും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുന്നയാള്‍, സര്‍വോപരി ഹിന്ദുത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികന്‍... അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി.പരമേശ്വര്‍ജിക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍. ഇവയോരൊന്നും മറ്റാരെക്കാളും ഈ മഹാമനീഷി അര്‍ഹിക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്കടുത്തുള്ള ചാരമംഗലത്തെ താമരശ്ശേരി ഇല്ലത്ത് 1926 ല്‍ കന്നിമാസത്തിലെ തിരുവോണനാളില്‍ ജനിച്ച പരമേശ്വര്‍ജി പൊതുജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന്, 'അനുഗ്രഹീതനായ കവി' എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറയാം. ചേര്‍ത്തല ഹൈസ്‌കൂളില്‍ സഹപാഠിയായിരുന്ന അനശ്വര കവി വയലാര്‍ രാമവര്‍മയെ രണ്ടാംസ്ഥാനത്താക്കി കാവ്യരചനാ മത്സരത്തില്‍ ഒന്നാമത്തെത്തിയ ആളാണ് പരമേശ്വര്‍ജി. ഒരു മണിക്കൂര്‍ മുമ്പ് മാത്രം ലഭിച്ച വിഷയമായിരുന്നിട്ടും 'കോളുകൊണ്ട വേമ്പനാടന്‍' എന്ന പരമേശ്വര്‍ജിയുടെ കവിത പ്രായംകൊണ്ട് അന്നത്തെ പതിനേഴുകാരനെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു. പില്‍ക്കാലത്ത് സംഭവബഹുലവും ചിലപ്പോഴൊക്കെ സംഘര്‍ഷഭരിതവുമായ ജീവിതയാത്രയ്ക്കിടയിലും പ്രശാന്തസുന്ദരമായ ആ മനസ്സില്‍നിന്ന് കവിതകള്‍ ഉറന്നൊഴുകി. 'യജ്ഞപ്രസാദം' എന്ന കാവ്യസമാഹാരത്തിലൂടെ കടന്നുപോകുന്ന ഏതൊരാളും മലയാളത്തിന്റെ ദേശീയ കവിയായി പരമേശ്വര്‍ജിയെ തിരിച്ചറിയാതിരിക്കില്ല. ഇളയമകനെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ പരമേശ്വര്‍ജിക്ക് അറിയേണ്ടിയിരുന്നത് ചരിത്രവും. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്‌മെന്‍സ് കോളേജില്‍നിന്ന് എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ ആ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി അതിനകം ഇംഗ്ലണ്ടില്‍നിന്നും പഠിച്ചുവന്ന അധ്യാപകരെ തിരുത്താനുള്ള സംസ്‌കൃത ഭാഷാജ്ഞാനം സ്വായത്തമാക്കിയിരുന്നു. എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്‌സിന് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി വിജയിച്ചുവെങ്കിലും ആദര്‍ശതീവ്രതയില്‍ സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങാന്‍ ആ യുവാവ് പോയില്ല. വിവേകാനന്ദ സാഹിത്യസര്‍വസ്വം ജീവിതത്തിന്റെ ഗതിനിര്‍ണിയച്ചു കഴിഞ്ഞിരുന്നതിനാല്‍ ഇത്തരം ബിരുദങ്ങള്‍ക്കും ബഹുമതികള്‍ക്കും വിലയില്ലാതെപോയി. സ്വാമി ആഗമാനന്ദനിലൂടെ രാമകൃഷ്ണമിഷനിലും പ്രൊഫ.എം.പി.മന്മഥനിലൂടെ ആര്‍എസ്എസിലേക്കും എത്തിച്ചേര്‍ന്ന പരമേശ്വര്‍ജിയുടെ ജീവിതം കാവിയുടുക്കാത്ത സന്യാസിയുടേതായത് സ്വാഭാവികം. കാലടിയില്‍ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച സ്വാമി ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വര്‍ജി രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചയാളാണെന്ന് അധികമാര്‍ക്കും അറിയില്ല. ആശയത്തില്‍ പ്രചോദിതനായാണ് പരമേശ്വര്‍ജി ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അധികം വൈകാതെ രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ പ്രഭാവലയത്തിലകപ്പെട്ടു. ആദ്യമായി ഗുരുജിയെ കണ്ടതിനെ മഹാകവി കുമാരനാശാന്റെ 'നളിനി'യിലെ  വരികളിലൂടെയാണ് പരമേശ്വര്‍ജി വരച്ചുകാട്ടിയിട്ടുള്ളത്: ''പാരിലില്ല ഭയമെന്നു മേറെയു ണ്ടാരിലും കരുണയെന്നു മേതിനും പോരുമെന്നുമരുളീ പ്രസന്നമായ് ധീരമായ മുഖകാന്തിയാലവന്‍.'' 1947 ല്‍ തിരുവനന്തപുരം തൈക്കാട്ട് മൈതാനത്ത് ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുജി പങ്കെടുത്ത പൊതുപരിപാടിയുടെ നേതൃത്വം പരമേശ്വര്‍ജിക്കായിരുന്നു. ഈ പരിപാടിയെ ആക്രമിക്കാന്‍ ശ്രമിച്ച  പില്‍ക്കാലത്ത് പ്രശസ്ത സാഹിത്യകാരനായിത്തീര്‍ന്ന മലയാറ്റൂര്‍ രാമകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസില്‍നിന്ന് ഒരിക്കലും മറക്കാത്ത പാഠം പഠിച്ചു. 1948 ല്‍ ഗാന്ധിവധത്തെത്തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ പരമേശ്വര്‍ജിയും അറസ്റ്റുചെയ്യപ്പെട്ടു. നിരോധനം നീങ്ങിയതോടെ പരമേശ്വര്‍ജി ആര്‍എസ്എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും കുറച്ചുകാലം നിയോഗിക്കപ്പെട്ടു. പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ  മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന 'കേസരി' വാരിക  തുടക്കം കുറിച്ചത്. 'കേസരി'യുടെ താളുകളിലൂടെ പത്രാധിപരായ പരമേശ്വര്‍ജി അന്ന് പങ്കുവച്ച ആശയങ്ങളും ആശങ്കകളും മുന്നറിയിപ്പുകളും കാലം ശരിവച്ചു. 1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായ പരമേശ്വര്‍ജി ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും പിന്നെയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച്  അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി പരമേശ്വര്‍ജി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരമേശ്വര്‍ജി തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. പരമേശ്വര്‍ജി ഡയറക്ടറായിരുന്ന മൂന്ന് വര്‍ഷം ഈ സ്ഥാപനത്തിന്റെ സുവര്‍ണകാലമായിരുന്നു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരായിരുന്ന എന്‍.ഇ.ബലറാം, കെ.ദാമോദരന്‍ തുടങ്ങിയവരുമായി പരമേശ്വര്‍ജി പരിചയപ്പെടുന്നത് ഇക്കാലത്താണ്. ഭിന്ന ആശയഗതിക്കാരെ പങ്കെടുപ്പിച്ച് അര്‍ത്ഥപൂര്‍ണമായ സെമിനാറുകള്‍ നടത്തിയതിനുപുറമെ 'മന്ഥന്‍' എന്ന പേരില്‍ ഒരു ഗവേഷണ മാസികയും പരമേശ്വര്‍ജി തുടങ്ങി. 'ഗാന്ധി, ദീനദയാല്‍, ലോഹ്യ' എന്ന പേരില്‍ മൂവരുടേയും ചിന്തകള്‍ താരതമ്യം ചെയ്തുകൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകം ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടുന്നതായിരുന്നു. 1980 ല്‍ പരമേശ്വര്‍ജി പ്രവര്‍ത്തനകേന്ദ്രം കേരളത്തിലേക്ക് മാറ്റിയത് ചരിത്രത്തിലെ വഴിത്തിരിവായി. രണ്ടുവര്‍ഷത്തിനകം 1982 ഏപ്രില്‍ മാസത്തില്‍ എറണാകുളത്തു നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ വിജയം അനൈക്യത്തിന്റെ വിഴുപ്പുഭാണ്ഡം വലിച്ചെറിയാന്‍ ഹിന്ദുക്കളെ പ്രേരിപ്പിച്ചു. വൈക്കം സത്യഗ്രഹംപോലെയും ക്ഷേത്രപ്രവേശന വിളംബരം പോലെയും കേരളചരിത്രത്തെ അടയാളപ്പെടുത്തിയ മഹാസംഭവമായിരുന്നു വിശാലഹിന്ദു സമ്മേളനവും. ഇതിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന് പരമേശ്വര്‍ജിയായിരുന്നു. ''ഹിന്ദുക്കള്‍ നാം ഒന്നാണെ....'' എന്ന സമ്മേളന ഗീതം ഹിന്ദുഐക്യത്തിന്റെ പ്രകടനപത്രിക തന്നെയായിരുന്നു. പരമേശ്വര്‍ജിയായിരുന്നു ഇതിന്റെയും രചയിതാവ്. വിശാലഹിന്ദു സമ്മേളനമാണ് കര്‍ക്കിടകമാസംരാമായണമാസമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. അത് വലിയ കോളിളക്കം തന്നെയുണ്ടാക്കി. കവി തിരുനെല്ലൂര്‍ കരുണാകരന്‍ ഉയര്‍ത്തിയ തുടര്‍വിമര്‍ശനങ്ങള്‍ക്കെല്ലാം പരമേശ്വര്‍ജി പണ്ഡിതോചിതമായ മറുപടി നല്‍കി. പതിറ്റാണ്ടുകള്‍ക്കുശേഷം ഹിന്ദുത്വത്തിന് ഒരു വക്താവുണ്ടാവുകയായിരുന്നു. ഒപ്പം ഇടതുപക്ഷ കേരളത്തിന് ഒരു എതിരാളിയേയും  ലഭിച്ചു. പരമേശ്വര്‍ജി ഒരുപക്ഷത്തും മറ്റുള്ളവര്‍ മറുപക്ഷത്തുമായി സംവാദങ്ങളുടെ ഒരു പരമ്പരതന്നെ പില്‍ക്കാലത്ത് നടന്നു. ഇഎംഎസ് നമ്പൂതിരിപ്പാട്, പി.ഗോവിന്ദപ്പിള്ള, എന്‍.ഇ.ബലറാം, സി.ഉണ്ണിരാജ, ഡോ.എം.ജി.എസ്.നാരായണന്‍,ഡോ.പി.ഗംഗാധരന്‍, ഡോ.സുകുമാര്‍ അഴീക്കോട്, ഫാദര്‍ എ.അടപ്പൂര്‍, പവനന്‍, കെ.വേണു, ഡോ.പൗലോസ് മാര്‍ പൗലോസ്, ഡോ.ഹമീദ് ചേന്ദമംഗലൂര്‍, ഒ.അബ്ദുള്ള, എന്‍.വി.പി.ഉണിത്തിരി എന്നിങ്ങനെ കമ്മ്യൂണിസ്റ്റ്, ക്രൈസ്തവ, ഇസ്ലാമിക, ലിബറല്‍ ധാരകളെ പിന്‍പറ്റുന്ന എല്ലാവരേയും ഒറ്റയാള്‍ പട്ടാളമായി  പരമേശ്വര്‍ജി നേരിട്ടു. ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വര്‍ജിയെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വര്‍ജി ഉന്നയിച്ചുപോന്നു. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദം ഇതിലൊന്നായിരുന്നു. സംവാദത്തിനൊടുവില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ തന്റെ ലേഖനം ചേര്‍ക്കാന്‍ ഇഎംഎസ് വിസമ്മതിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ദാര്‍ശനിക സംവാദത്തിലും ഇഎംഎസിന് പരാജയം സമ്മതിക്കേണ്ടിവന്നു. 'ദേശാഭിമാനി'യിലൂടെ അദ്ദേഹം മറുപടി നല്‍കിയെങ്കിലും അതിന് ഒട്ടും ആര്‍ജവമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വര്‍ജി സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ തകര്‍ന്ന് അപ്രിയസത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും മുഖംതിരിച്ചുനിന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം പരമേശ്വര്‍ജി തുറന്നുകാട്ടി. ഒടുവില്‍ സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പുറത്തുകൊണ്ടുവന്നപ്പോള്‍ പരമേശ്വര്‍ജിയുടെ പ്രവചനങ്ങളാണ് ശരിവയ്ക്കപ്പെട്ടത്. 'ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും' എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വര്‍ജിയായിരുന്നു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ അനുഭവങ്ങള്‍ കൈമുതലാക്കി 1982 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഭാരതീയ വിചാരകേന്ദ്രം സംവാദത്തിന്റെയും സത്യാന്വേഷണത്തിന്റെയും പുതിയൊരു വഴിത്താര വെട്ടിത്തുറന്നു. ദേശീയ ചിന്താസരണികള്‍ക്കൊപ്പം ദേശീയ ചിന്തകരേയും വിചാരകേന്ദ്രം പരിചയപ്പെടുത്തി. ദത്തോപാന്ത് ഠേംഗ്ഡി, ധരംപാല്‍, അരുണ്‍ ഷൂരി, മിഷേല്‍ ഡാനിനോ, ഡേവിഡ് ഫ്രോളി എന്നിവര്‍ ഇവരില്‍ ചിലരാണ്. ചരിത്രം, തത്വചിന്ത, ദര്‍ശനം, പ്രത്യയശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളില്‍ വിചാരകേന്ദ്രം നടത്തിയ ആശയസമരങ്ങള്‍ ഈടുവെപ്പുകളാണ്. ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്‌സും, മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്‌സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്‌സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്‌സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്. ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. വ്യത്യസ്തമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും ഡസന്‍കണക്കിന് ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു. ''അരവിന്ദ മഹര്‍ഷിയുടേയും ശ്രീനാരായണന്റെയും എന്നപോലെ അര്‍നോള്‍ഡ് ടോയന്‍ബിയുടെയും കാറല്‍മാര്‍ക്‌സിന്റെയും കൃതികള്‍ സശ്രദ്ധം പഠിക്കാന്‍ അദ്ദേഹം തയ്യാറായി. സ്റ്റാലിന്റെയും ചൈനീസ് കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടേയും കൃതികള്‍ അദ്ദേഹത്തിന് അന്യമല്ല. ഇന്നവിധം എഴുതണമെന്ന് മാനിഫെസ്റ്റോകളിലൂടെ കല്‍പ്പിക്കാതെ പൂന്താനത്തെ ആസ്വദിച്ച് വിലയിരുത്താനും ശ്രീശങ്കരന്റെ ആത്മീയ ദര്‍ശനവും ഹണ്ടിങ്ടന്റെ സാമൂഹ്യദര്‍ശനവും സ്വന്തമായ വീക്ഷണകോണില്‍നിന്നുകൊണ്ട് വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു... വരട്ടുവാദങ്ങളില്‍നിന്നുയര്‍ന്ന് സ്വതന്ത്രമായ ഒരു ഭൗതികസഞ്ചാരമേഖല അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു'' എന്ന ഡോ.എം.ജി.എസ്.നാരായണന്റെ വിലയിരുത്തലില്‍ പരമേശ്വര്‍ജിയുടെ ബൗദ്ധിക വ്യക്തിത്വം തെളിഞ്ഞുകാണാം. ഇന്ന് നവതിയിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന ഈ നന്മയുടെ സൂര്യന് ശതശതവന്ദനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.