പൊന്നംകുളം നാശത്തിന്റെ വക്കില്‍

Wednesday 23 September 2015 11:09 pm IST

ഉദിയന്‍കുളങ്ങര: നവീകരണത്തിന്റെ പേരില്‍ പൊന്നംകുളം നാശത്തിന്റെ വക്കില്‍. പാറശാല ഗ്രാമപഞ്ചായത്തില്‍ പരശുവയ്ക്കല്‍ ദേശീയപാതയ്ക്കുസമീപം തണ്ണീര്‍തടമായിട്ടുള്ള പൊന്നംകുളമാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ഈ കുളത്തെ ആസ്പദമാക്കിയാണ് പ്രദേശത്ത് പൊന്നംകുളമെന്ന് നാമം രൂപപ്പെട്ടത്. പൊന്നംകുളം ദേവീക്ഷേത്രത്തിലെ ദേവിയുടെ ആറാട്ട് നടത്തുന്നതും ഈ കുളത്തിലാണ്. നവീകരണ പ്രവര്‍ത്തനവുമായി എത്തിയ പാറശാല പഞ്ചായത്ത് അധികൃതര്‍ കുളത്തിന്റെ ഒരുഭാഗത്തെ ബണ്ട് തകര്‍ത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നവീകരണം ആരംഭിച്ചില്ല. ഇതേത്തുടര്‍ന്ന് കുളത്തിന്റെ ഒരുഭാഗത്ത് പുല്ലുപിടിച്ച് കാടുകയറുകയാണ്. പൊന്നംകുളത്തിനു സമീപത്തെ നിവാസികള്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും ഏക ആശ്രയമായിരുന്ന കുളമാണ് ഇന്ന് പഞ്ചായത്തിന്റെ പിടിപ്പുമൂലം നാശത്തിലായിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊന്നംകുളത്തിന്റെ നവീകരണ പ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ റോഡുകള്‍ ഉപരോധിച്ചും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയും പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.