മൂന്നാര്‍ സമരം;പിഎല്‍സി യോഗം തൊഴിലാളികളെ കബളിപ്പിക്കാന്‍

Wednesday 23 September 2015 11:57 pm IST

ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധന ചര്‍ച്ചചെയ്യാന്‍ 26ന് നടത്തുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി തൊഴിലാളികളെ വഞ്ചിക്കും  എന്ന ആക്ഷേപത്തിന് ശക്തിയേറുന്നു. കേരളത്തിലെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുടെ ശമ്പളം നിശ്ചയിക്കുന്നതും പുതുക്കുന്നതും മിനിമം വേജസ് അഡൈ്വസറി ബോര്‍ഡാണ്. തിരുവനന്തപുരം ചെങ്കല്‍ ചൂളയിലാണ് ബോര്‍ഡിന്റെ ആസ്ഥാനം. ജില്ലാ ജഡ്ജിന്റെ അതേ പദവിയിലുള്ളയാളാണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. സിവില്‍ കോടതിയുടെ അതേ അധികാരം ബോര്‍ഡിനുണ്ട്. പരാതിയുമായി ബന്ധപ്പെട്ട കക്ഷികളെ വാറന്റിലൂടെ വിളിച്ചുവരുത്താനും ബോര്‍ഡിന് അധികാരമുണ്ട്. എസ്റ്റേറ്റ് ഉടമകളും തൊഴിലാളി യൂണിയനുകളും തമ്മില്‍ നടത്തുന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകളുടെ വേദിയാണ് പിഎല്‍സി.  1951ലെ പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരമാണ് പിഎല്‍സി പ്രവര്‍ത്തിക്കുന്നതെങ്കിലും തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നതിന് പിഎല്‍സിക്ക് അധികാരമില്ല. പലപ്പോഴും യൂണിയന്‍ പ്രതിനിധികളും മാനേജ്‌മെന്റും ലേബര്‍കമ്മീഷണറുടെ മുന്നില്‍ വച്ച് നടത്തുന്ന സെറ്റില്‍മെന്റാണ് വേതന വര്‍ദ്ധനവായി വ്യാഖ്യാനിക്കപ്പെടുന്നത്. കൂലി വര്‍ദ്ധനവിനെതിരായി കമ്പനി നഷ്ടത്തിലാണ് എന്ന മറുവാദമുന്നയിച്ചാണ് പല ഘട്ടത്തിലും തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നത്. പിഎല്‍സി ഈ നഷ്ടക്കണക്കിന്റെ ഉള്ളറകള്‍ തേടിപ്പോകുന്നില്ല. മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന് കമ്പനിയുടെ റിക്കാര്‍ഡുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാനുള്ള അധികാരമുണ്ട്. ഈ അധികാരം വിനിയോഗിച്ചാല്‍ ടാറ്റയുടെ കള്ളക്കളി വെളിച്ചത്തുവരും. ഇത് അറിയാവുന്നതിനാലാണ് മൂന്നാറിലെ തൊഴിലാളിയൂണിയനുകളും സംസ്ഥാന സര്‍ക്കാരും പിഎല്‍സി എന്ന പ്രഹസന കമ്മറ്റിക്ക് മുന്നില്‍ തൊഴിലാളികളെ എത്തിച്ച് വഞ്ചനയ്ക്ക് ശ്രമിക്കുന്നത്. മൂന്നാറിലെ തൊഴിലാളികള്‍ ആട്ടിയോടിച്ച കെ.പി രാജേന്ദ്രന്‍, എ.കെ മണി എന്നിവരടങ്ങുന്ന സംഘങ്ങളാണ് പിഎല്‍സിയിലെ അംഗങ്ങള്‍ എന്നതാണ് ഏറെ വിചിത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.