മാമലക്കണ്ടത്ത് അധ്യാപകരെത്തും; കുട്ടികള്‍ സമരം അവസാനിപ്പിച്ചു

Thursday 24 September 2015 10:21 am IST

കോതമംഗലം: സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് മാമലക്കണ്ടത്ത് ആഹഌദം. മാമലക്കണ്ടം ഹൈസ്‌കൂളിലെ സ്‌കൂള്‍ ലീഡര്‍ എട്ടാം ക്ലാസ്സുകാരനായ യദുകൃഷ്ണയും എട്ടാം ക്ലാസ്സുകാരിയുമായ സന്ധ്യയും ഡിഇഒ ഓഫീസിനുമുന്നില്‍ ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിച്ചു. പുതിയ അധ്യാപകരെത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് മാമലക്കണ്ടം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. പുതിയ അധ്യാപക തസ്തിക അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേഖാമൂലം വിദ്യാര്‍ഥികളെ അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഏക ആശ്രയമായ മാമലക്കണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങിയത്. സ്‌കൂളിനെ സര്‍ക്കാര്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ പഠനം പാതി വഴിമുടങ്ങി. ഇതേതുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഡി.ഇ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. ഉപരോധം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും യാതൊരുതീരുമാനവും കാണാതെവന്നപ്പോഴാണ് കുട്ടികള്‍ നിരാഹാരസമരത്തിന് സ്വമേധയാ തയ്യാറായത്. തുടര്‍ന്ന് കോതമംഗലം ഡിഇഒ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 10ദിവസത്തിനകം തീരുമാനമുണ്ടാക്കാമെന്ന് സമരക്കാര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കി. എന്നാല്‍, രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപിയുള്‍പ്പെടെ യുഡിഎഫ് ഒഴികെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളും യുവജന-വിദ്യാര്‍ത്ഥി സംഘടനകളും എസ്എന്‍ഡിപിയും സമരത്തിന് പിന്തുണയുമായി എത്തി. ഇന്നലെ രാവിലെ 8മണി മുതല്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയതോടെ കോതമംഗലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. 10മണിയോടെ ബിജെപിയും മറ്റ് സംഘപരിവാര്‍ പ്രവര്‍ത്തകരും പ്രകടനമായി പോലീസ് വലയം ഭേദിച്ച് ഡിഇഒ ഓഫീസിലേക്ക് തള്ളിക്കയറിയെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭനും, ജില്ലാ കമ്മറ്റിയംഗം ബാബുവും നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് നിരാഹാരം ആരംഭിച്ചു. ഇതിനിടയില്‍ സമരക്കാരുമായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കോതമംഗലം തഹസീല്‍ദാരുടെ മദ്ധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന നിലപാടുമായി സമരക്കാര്‍ ഉറച്ച് നിന്നതോടെ സമരം നീണ്ടുപോവുകയായിരുന്നു. 12മണിയോടെ മന്ത്രിസഭായോഗം തീരുമാനമനുസരിച്ച് അദ്ധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന നിലപാട് സമരക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടരയോടെ മാമലക്കണ്ടം ഹൈസ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് ടി.യു.കുരുവിള എംഎല്‍എയുടെ ഫാക്‌സ് സന്ദേശം ഡിഇഒ ഷീനറാം സമരക്കാര്‍ക്ക് കൈമാറിയതോടെ നിരാഹാരമനുഷ്ഠിച്ച് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികള്‍ തന്നെ നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു. നിരാഹാരമനുഷ്ഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോതമംഗലം നഗരത്തില്‍ സ്വീകരണം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.