പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി

Thursday 24 September 2015 11:40 am IST

ന്യൂയോര്‍ക്ക്: അയര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണു മോദി വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു രണ്ടാം തവണയാണു മോദി യുഎസ് സന്ദര്‍ശിക്കുന്നത്. നാളെ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ഉച്ചകോടിയില്‍ മോദി സംസാരിക്കും. അമേരിക്കയിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. യുഎന്‍ ആസ്ഥാനത്തു നടക്കുന്ന സുസ്ഥിര വികസന സമ്മേളനമാണു മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ഔദ്യോഗിക പരിപാടി. രക്ഷാസമിതിയില്‍ ഭാരതത്തെ ഉള്‍പ്പെടുത്തിയുള്ള പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെടും. ലോകത്തിന്റെ വരാന്‍പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും യുഎന്നിന്റെ വിശ്വാസ്യതയ്ക്കും ഇത് ആവശ്യമാണെന്നുമാണ് ഭാരതത്തിന്റെ നിലപാട്. യുഎന്‍ സമ്മേളനത്തിനു മുന്നോടിയായി മോദി അമേരിക്കയിലെ 40ഓളം വന്‍കിട കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികളുടെ പുരോഗതി ഇവരുമായി വിലയിരുത്തും. 27നു കാലിഫോര്‍ണിയിലെത്തുന്ന പ്രധാനമന്ത്രി വന്‍കിട ടെക്‌നോളജി കമ്പനികളുടെ ആസ്ഥാനമായ സിലിക്കണ്‍വാലി സന്ദര്‍ശിക്കും. 30 വര്‍ഷത്തിനുശേഷം സിലിക്കണ്‍വാലി സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ഫേസ്ബുക്ക് ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മോദിയുമായി നടത്തുന്ന പരസ്യ സംവാദമാണ് പ്രധാന ആകര്‍ഷണം. ആപ്പിള്‍ സിഇഒ ടിം കുക്ക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചായ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായും മോദി ചര്‍ച്ച നടത്തും.  ഭാരതത്തിലെ ഐടി മേഖലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ ഈ കൂടിക്കാഴ്ചയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. സാങ്‌ഹോസയില്‍ ഭാരത സമൂഹം ഒരുക്കുന്ന വന്‍ സ്വീകരണത്തില്‍ മോദി പങ്കെടുക്കും. 25000 പേരാണു മോദിയെ സ്വീകരിക്കാന്‍ ഇവിടെ എത്തുന്നത്. 28നു ന്യൂയോര്‍ക്കില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.