പെരുമണ്ണ: അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുകയും റോഡ് കയ്യേറി കടകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ബിജെപി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചത്.
പെരുമണ്ണയിലെ പഴയ റോഡിലും ബസ്സ്റ്റാന്റിന് മുമ്പിലും പുതുതായി പണിത ബൈപ്പാസ് റോഡിലുമെല്ലാം നിരവധി കെട്ടിടങ്ങള്‍ അനധികൃതമായിട്ടാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പ്ലാന്‍ പാസായശേഷമാണ് കെട്ടിടത്തില്‍ അനധികൃതമായി കൂടിച്ചേരല്‍ നടക്കുന്നത്. പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സമരം.
ബിജെപി പ്രവര്‍ത്തകരായ അനില്‍കുമാര്‍ മമ്മിളി, എ.കെ. പ്രദീപ്കുമാര്‍, രമേശന് പാലിയില്‍, രാജന് കരിയാട്ട്, ടി.പി. രജിത്കുമാര്‍, വാസു ചിറ്റ്യേടത്ത്, ടി.എം. ഷിബോജ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. നല്ലളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ്, എസ്ഐ റിയാസ് ചാക്കീരി, ഫറോക്ക്, ബേപ്പൂര്‍, എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നെങ്കിലും ഓഫീസിനകത്ത് കയറിയ പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തുകയായിരുന്നു.
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് വൈകീട്ട് പെരുമണ്ണയില്‍ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: